ആലപ്പുഴ: പ്രളയ ബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായി ജില്ലയിൽ ഇതുവരെ 6,28,30000 രൂപ വിതരണം ചെയ്തു. ദുരിത ബാധിതരായി കണ്ടെത്തിയ 6283 പേർക്കാണ് അടിയന്തിര ധനസഹായമായ 10,000 രൂപ അക്കൗണ്ടുകളിൽ നൽകിയത്. ട്രഷറിയിൽ നിന്നാണ് ദുരിതബാധിതരുടെ അക്കൗണ്ടിലേക്ക് സഹായധനം നൽകുന്നത്. വിതരണം ചെയ്ത തുകയിലേറെയും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ ദുരിത ബാധിതർക്കാണ്.
പ്രളയ ദുരിതത്തിൽ അകപ്പെട്ട് അടിയന്തിര സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനായി റവന്യു വകുപ്പ് നടത്തുന്ന സർവേ നടപടികൾ അവസാനഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. അഞ്ചിനകം ദുരിതബാധിതർക്കെല്ലാം 10,000 രൂപ വീതമുള്ള സഹായധനം നൽകുമെന്ന് ഇന്നലെ ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രളയ ബാധിതരുടെ ബാങ്ക് അക്കൗണ്ട് നന്പറും ആധാർ നന്പരും ബിഎൽഒമാർ വീട്ടിലെത്തി ശേഖരിച്ചതിനുശേഷമാണ് സഹായധനം ലഭ്യമാക്കുക. അതേസമയം ദേശസാത്കൃത ബാങ്കുകളിലല്ലാതെ സഹകരണ ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്ക് ട്രഷറിയിൽ നിന്നും പണം കൈമാറുന്നതിനുള്ള സാങ്കേതിക തടസമുണ്ടായിരുന്നു. ഇതുപരിഹരിക്കുന്നതിനുള്ള നടപടിയും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ ബാങ്ക് പാസ് ബുക്കും , ആധാർ കാർഡുമടക്കം നശിച്ചുപോയവർക്ക് ബിഎൽഒമാർ പരിശോധനയ്ക്കെത്തുന്പോൾ ഇത്തരം വിവരങ്ങൾ നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. രേഖകൾ നൽകുന്നതിലുണ്ടാകുന്ന കാലതാമസം സഹായധനം ലഭ്യമാകുന്നതിനുമുണ്ടാകുമെന്നതിനാൽ ഇത്തരത്തിലുള്ളവർക്ക് അക്കൗണ്ടുകൾ വഴിയല്ലാതെ നേരിട്ട് പണം ലഭ്യമാക്കണമെന്ന് ആവശ്യവുമുയരുന്നുണ്ട്.
കേന്ദ്ര സഹായത്തിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണവും ചേർത്താണ് അടിയന്തിര ധനസഹായം നൽകുന്നത്. ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കാൻ ബാങ്ക് അക്കൗണ്ടുകളും ആധാർ നന്പറുകളും വഴി മാത്രമേ പണം നൽകാവുവെന്ന് കേന്ദ്രത്തിന്റെ വ്യവസ്ഥയുള്ളതിനാലാണ് അക്കൗണ്ടുകൾ മുഖേന ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകുന്നത്.