പുനലൂർ: പ്രളയബാധിതർക്ക് സഹായഹസ്തവുമായി പുനലൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളും. ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാൻ അവർ തീരുമാനിച്ചു.പത്തിന് പട്ടണത്തിലെ ഓട്ടോറിക്ഷകൾ ഓടുന്നത് പ്രളയത്തിൽ ദുരിതക്കയത്തിലകപ്പെട്ടവരെ സഹായിക്കാനുള്ള ധനസമാഹരണത്തിനുള്ള കാരുണ്യ മനസുമായാകും.
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ സി ഐ റ്റി യു മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിലാണ് തൊഴിലാളികൾ സംയുക്തമായി സഹായ മനസുമായി ഒത്തുചേർന്ന് മാതൃകാ തീരുമാനമെടുത്തത്. മുനിസിപ്പൽ മേഖലയിലെ എല്ലാ ഓട്ടോറിക്ഷ സ്റ്റാന്റിലുള്ള തൊഴിലാളികളും ഇതിൽ അണിനിരക്കും.ആട്ടോറിക്ഷാ സവാരി നടത്തുന്നവർക്കും ഈ കാരുണ്യ പ്രവർത്തനത്തിൽ തങ്ങളുടെ സഹായം ആട്ടോറിക്ഷാ തൊഴിലാളികൾക്ക് പത്തിലെ യാത്രയിൽ കൈമാറാം.
ഇത്തരത്തിൽ സമാഹരിക്കുന്ന തൊഴിലാളികളുടെ ഒരു ദിവസത്തെ വരുമാനംപുനലൂരിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും. തുക ഡിഡിയാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.ആട്ടോറിക്ഷ തൊഴിലാളികളുടെ യോഗം മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
മനോജ് അധ്യക്ഷനായി . ആർ .അശോകൻ ,നസീർ, അജികുമാർ, പത്മനാഭൻ, ബ്ലസി,മനു ,വഹാബ്എന്നിവർ പ്രസംഗിച്ചു.പ്രളയത്തെ തുടർന്ന് ചെളിയും മാലിന്യങ്ങളും നിറഞ്ഞ ഗ്രാമങ്ങളുടെ ശുചീകരണ പ്രവർത്തനത്തിനും ഓട്ടോറിക്ഷ തൊഴിലാളികൾ എത്തും.