വടകര: പ്രളയ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ അഴിയൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സംഭാവന. അഴിയൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയനാട് കോട്ടത്തറ വെണ്ണിയോട് നാളെ നടക്കുന്ന മെഡിക്കൽ ക്യാന്പിലേക്ക് മരുന്ന്, ശുചീകരണ വസ്തുക്കൾ, ബക്കറ്റ്, വീട് സാധനങ്ങൾ, ക്ലീനിംഗ് ഉപകരണങ്ങൾ എന്നിവക്ക് ആവശ്യമായ 25,000 രൂപ 20 ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്നാണ് നൽകിയത് ചോന്പാൽ ഷിയാ ട്രേഡേഴ്സിലെ തൊഴിലാളികളാണ് സഹജീവീ സ്നേഹം പ്രകടിപ്പിക്കുവാൻ മുന്നോട്ട് വന്നത്.
കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹി കെ.പി.അനീഷ് കുമാറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശി വിനോദ് കുമാർ, ബിഹാർകാരനായ അംബികാരാജ് എന്നിവരുടെ നേത്യത്തിലാണ് രണ്ടു ദിവസത്തെ ശന്പളം സമാഹരിച്ച് പഞ്ചായത്തിന് നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ്, ഇ.ടി.അയ്യൂബ് തുക ഏറ്റ വാങ്ങി. പഞ്ചായത്ത് സെകട്ടറി ടി.ഷാഹുൽ ഹമീദ്, മെന്പർമാരായ കെ.ലീല, വി.പി.ജയൻ, സ്ഥാപന ഉടമ അനിഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മെഡിക്കൽ ക്യാന്പിന് ഡോ.നസീർ, ഡോ രമ്യ, ഡോ ഷംന എന്നിവർ നേത്യത്വം നൽകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർ അടങ്ങുന്ന 30 പേരാണ് മെഡിക്കൽ ക്യാന്പിനായി വയനാട്ടിലേക്കു പോകുന്നത്. തട്ടോളിക്കര കനിവ് ചാരിറ്റിബിൾ ട്രസ്റ്റ് വക മരുന്ന് പഞ്ചായത്തിന് നൽകി.