‘മുക്കം: പ്രളയക്കെടുതിയിൽ സർവതും നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി ജില്ലയിലെ ബസ് ജീവനക്കാരും ഉടമകളും. കുന്നമംഗലം മുക്കം മലയോര മേഖല ബസ് ഓണേഴ്സ് അസോസിയേഷന്റെ (കെഎംഎംബിഒഎ) നേതൃത്വത്തിൽ നടത്തിയ യാത്രയിൽ 60 ബസുകളാണ് പങ്കാളികളായത്.
ഇത്രയും ബസുകളിൽ നിന്നും ചൊവ്വാഴ്ച ലഭിച്ച കളക്ഷനിൽ ഡീസലിന്റെ പണമെടുത്ത് ബാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സാധാരണ ദിവസങ്ങളിൽ ടിക്കറ്റും ബാഗുമായാണ് കണ്ടക്ടർമാർ എത്തിയിരുന്നതെങ്കിൽ ചൊവ്വാഴ്ച ഒരു ബക്കറ്റ് മാത്രമായിരുന്നു അവരുടെ കൈകളിൽ ഉണ്ടായിരുന്നത്.
ബസ് ഉടമകളുടെയും ജീവനക്കാരുടെയും നല്ല മനസ് തിരിച്ചറിഞ്ഞ യാത്രക്കാർ അകമഴിഞ്ഞ് സഹകരിച്ചത്തോടെ പല ബസുകളുടെയും കളക്ഷൻ ഇരട്ടിയോളമെത്തി. ബസിലെ തൊഴിലാളികളാരും ചൊവ്വാഴ്ച കൂലി വാങ്ങില്ല. ഏകദേശം10 ലക്ഷത്തോളം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സാധിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു പറഞ്ഞു.
മുക്കത്ത് നിന്നാരംഭിച്ച കാരുണ്യ യാത്ര മുക്കം എസ്ഐ കെ.പി. അഭിലാഷ് ഫ്ലാഗ് ഓഫ് ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഭിലാഷ് ഫാന്റസി, ട്രഷറർ വി.പി. അസീ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.