തളിപ്പറമ്പ്: കേരളത്തിന്റെ കണ്ണീര് തുടക്കാന്‍ പെരിഞ്ചെല്ലൂരില്‍ സംഗീതാരവം. പ്രളയദുരിതാശ്വാസത്തിനായി ഒരു കൈസഹായം സമാഹരിക്കാന്‍ പെരിഞ്ചെല്ലൂര്‍ സംഗീതസഭയുടെ വേദിയില്‍ ചെന്നൈ പി. ഉണ്ണികൃഷ്ണന് പാടിയപ്പോള്‍ നിറഞ്ഞു കവിഞ്ഞ ഹാളില്‍ ഹര്‍ഷാരവം മുഴങ്ങി. കലയും കലാകാരനും സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ പ്രാപ്തരാണെന്ന് തെളിയിച്ച യത്നമായിരുന്നു വിജയ് നീലകണ്ഠന് നേതൃത്വം വഹിക്കുന്ന പെരുംചെല്ലൂര് സംഗീത സഭ ഇത്തവണ ഏറ്റെടുത്തത്.
പതിവുള്ള നവരാത്രി സംഗീതോത്സവത്തിന് പുറമേ പ്രളയദുരിത പരിഹാര യത്നമെന്ന നിലയിലാണ് തളിപ്പറമ്പില്‍ ഈ വിശേഷാല്‍ സംഗീത പരിപാടി നടത്തിയത്. സംഗീതം മനസില്‍ സൂക്ഷിക്കുന്ന തളിപ്പറമ്പിലെ സഹൃദയരുടെ ഉള്ളില്‍ പ്രളയ ദുരിതബാധിതരോടുള്ള കാരുണ്യം ഉറവ പൊട്ടിയപ്പോള്‍ സഭ സമാഹരിച്ചെടുത്തത് മൂന്ന് ലക്ഷം രൂപ.
ഇന്ത്യയിലും വിദേശത്തും പ്രശസ്തനായ ചെന്നൈ പി.ഉണ്ണികൃഷ്ണന് അദ്ദേഹത്തിന്റെ പ്രതിഫലം പ്രളയദുരിതാശ്വാസനിധിയിലേക്ക് നല്കി. പക്കമേളക്കാരായ എടപ്പള്ളി അജിത്കുമാര്‍, പാലക്കാട് മഹേഷ് കുമാര്‍, കണ്ണൂര്‍ സന്തോഷ് എന്നിവരും പ്രതിഫലം ദുരിതാശ്വാസത്തിന് നല്കി മാതൃകയായി.
സംഗീത യജ്ഞത്തിലൂടെ സമാഹരിച്ച തുക പി.വി. രാജശേഖരന്റെ അധ്യക്ഷതയില്‍ ചെന്നൈ പി. ഉണ്ണികൃഷ്ണനില്‍ നിന്നും ഡോക്ടര്‍ കെ.ജെ.ദേവസ്യ സംഗീത സഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്റെ സാന്നിധ്യത്തില്‍ ഏറ്റു വാങ്ങി.