കയ്പമംഗലം: തീരദേശത്ത് നിരവധി കാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായ വാട്്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രളയക്കെടുതിയിൽ ദുരിതത്തിലായ നാലു കുടുംബങ്ങൾക്ക് ഒന്നര ലക്ഷം രൂപയുടെ സാന്ത്വന സഹായം. കയ്പമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഫോർ എവർ വാട്സ് ആപ്പ് കൂട്ടയ്മയാണ് കയ്പമംഗലത്തുള്ള നിർധനരായ നാല് കുടുംബങ്ങൾക്ക് സഹായധനം സ്വരൂപിച്ച് നൽകിയത്.
ഒട്ടേറെ ആളുകളാണ് ധനസഹായവും ഭക്ഷണ വസ്തുക്കളുടെ വിതരണവുമായി ദുരിതപ്രദേശങ്ങളിൽ സജീവമായുള്ളത്. കൂട്ടായ്മ നടത്തുന്ന പതിമൂന്നാമത് പദ്ധതിയാണ് ജനങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് നടക്കുന്ന ധനസഹായം. ഗ്രൂപ്പിന്റെ അഡ്മിനായ പി.എം. നൗഷാദ് ഉൾപ്പെടെയുള്ളവരുടെ സജീവ പ്രവർത്തനങ്ങളാണ് ഈ കൂട്ടായ്മയുടെ കരുത്ത്.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച താഴെക്കിടയിലുള്ള നൂറ് കുടുംബങ്ങൾക്ക് അഞ്ച് കിലോ അരിയും പലവ്യഞ്ജന കിറ്റും ഇവർ വിതരണം ചെയ്തിരുന്നു. കൂടാതെ വെള്ളം കയറിയ നിരവധി വീടുകളും ഈ ഗ്രൂപ്പിലെ അംഗങ്ങൾ ശുചീകരിച്ചു. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയിൽ ശുദ്ധജലം വിതരണം ചെയ്തത് നിരവധി വീട്ടുകാർക്ക് ഏറെ ആശ്വാസമായിരുന്നു.
അർഹരായ ആളുകളുടെ വീടുകളിൽ നേരിട്ട് ചെന്നാണ് ധനസഹായം നൽകിയത്. ഗ്രൂപ്പ് അഡ്മിൻ കൂടിയായ ഇ.ടി. ടൈസണ് എംഎൽഎ, ഗ്രൂപ്പ് അംഗങ്ങളായ കയ്പമംഗലം എസ്ഐ ജിനേഷ്, ജില്ലാ പഞ്ചായത്ത് മെന്പർ ശോഭാ സുബിൻ, പി.എം. നൗഷാദ്, സൈഫുദ്ദീൻ, സഞ്ജയ്, മെഹബൂബ്, റഷീദ് എന്നിവർ സംബന്ധിച്ചു. മുപ്പത്തിയഞ്ചോളം മെന്പർമാരും സഹായധന വിതരണത്തിന് എത്തിയിരുന്നു.