ബിജോ ടോമി
കൊച്ചി: ’ വെയിൽ തെളിഞ്ഞല്ലോ.. ആശ്വാസമായി, എല്ലായിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയോ മക്കളെ…’ എറണാകുളം മഹാരാജാസ് കോളജിൽ സഹായവുമായി എത്തുന്നവരോട് പിഴലയിൽനിന്ന് ദുരിതാശ്വാസ ക്യാന്പിലെത്തിയ പാർവതി എന്ന എഴുപതു വയസുകാരിയുടെ വാക്കുകൾ. പ്രളയഭീതിയൊഴിഞ്ഞ് വെയിൽ തെളിഞ്ഞതോടെ ക്യാന്പിലുള്ളവരെല്ലാം ആശ്വാസത്തിലാണ്.
പെരിയാറിൽ ജലനിരപ്പ് കുറഞ്ഞതോടെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഇതേ കാലാവസ്ഥ തുടർന്നാൽ രണ്ടു ദിവസത്തിനുള്ളിൽ വീടുകളിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് പലരും. അതേസമയം ഇതുവരെയുള്ള സന്പാദ്യം മുഴുവൻ പ്രളയം വിഴുങ്ങിയതിനാൽ ഇനിയെങ്ങനെ ജീവിക്കും എന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്.
ഫോർട്ടുകൊച്ചി സ്വദേശി മാമൻ മഹാരാജാസിലെ ദുരിതാശ്വാസ ക്യാന്പിൽ എത്തിയത് മഴയിൽ വീട് നഷ്ടപ്പെട്ടതു മൂലമാണ്. ഉണ്ടായിരുന്ന ഒറ്റമുറി വീട് പൂർണമായും തകർന്നു. മൂന്നു വർഷം മുന്പുണ്ടായ വാഹനാപകടത്തിൽ വലതുകാലിന് ഗുരുതരമായി പരിക്കുപറ്റി.
കഠിനമായ ശ്വാസംമുട്ടൽ ഉള്ളതു കൊണ്ട് മറ്റു ജോലിക്കും പോകാൻ കഴിയുന്നില്ല. രോഗവിവരമറിഞ്ഞ് ക്യാന്പിൽ ഉണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരായ കുട്ടികളാണ് ജനറൽ ആശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി നൽകിയത്. മക്കളാരും കൂടെയില്ലാത്ത മാമന് ക്യാന്പ് വിട്ടാൽ മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്നത് അറിയില്ല. നൂറു കൂട്ടം പ്രശ്നങ്ങൾക്ക് നടുവിൽ പ്രളയത്തിന്റെ ആഘാതം കൂടി ഏറ്റുവാങ്ങേണ്ടി വന്നവരും ക്യാന്പുകളിൽ നിരവധിയാണ്.
സെന്റ് ആൽബർട്സ് കോളജിലെ ക്യാന്പിൽ കഴിയുന്ന പച്ചാളം സ്വദേശി സുശീല ഷാജി തന്റെ അവസ്ഥ പങ്കുവച്ചതിങ്ങനെ: ഭർത്താവ് ഷാജിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിട്ട് അഞ്ചു മാസമേ ആയുള്ളൂ. ഒന്പത് ബ്ലോക്കുണ്ടായിരുന്നു. രണ്ടെണ്ണം മേജർ ബ്ലോക്ക് ആയിരുന്നു. ഇതിൽ ഒരു ബ്ലോക്ക് ആണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്.
ഇനിയും അടിയന്തരമായി ഒരു ശസ്ത്രക്രിയ വേണം. ഷാജിയെ അണുബാധ ഉണ്ടാകുമെന്ന ഭയത്താൽ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ മകനും ആൽബർട്സിലെ തന്നെ ബിരുദ വിദ്യാർഥിയുമായ മനീഷ് ഷാജി ഈ ദുരിതത്തിനിടയിലും ഇവിടുത്തെ ക്യാന്പിൽ വോളണ്ടിയറായി സജീവമാണ്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീട്ടിലേക്ക് ഉടൻ മടങ്ങാമെന്ന പ്രതീക്ഷയിലാണ് സുശീല.
വീട്ടിൽ തിരികെ എത്തുന്പോൾ എന്താകും അവസ്ഥയെന്ന ആകുലതയിലാണ് കോതാട് വടകോടൻ വീട്ടിൽ മുരളീധരൻ. ഇവരുടെ വീട് മുഴുവനായും വെള്ളത്തിൽ മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സമീപവാസികളിൽ ഒരാൾ വഞ്ചിയിൽ ഈ പ്രദേശത്ത് പോയി നോക്കിയിരുന്നു. വീട്ടിലെ ഉപകരണങ്ങളൊക്കെ ഒഴുകിപോയെന്നാണ് പറഞ്ഞത്. ഇനി എല്ലാം ഒന്നിൽനിന്ന് തുടങ്ങണമെന്ന് മുരളീധരൻ പറയുന്നു.
ക്യാന്പിലുള്ളവർക്കു മാത്രമല്ല വിഷമതകൾ. കൊല്ലത്തെ ദുരിത ബാധിത പ്രദേശത്താണ് റവന്യൂ ഉദ്യോഗസ്ഥനായ സുനിലിന്റെ വീട്. നാലു ദിവസമായി മഹാരാജാസ് കോളജിലെ ക്യാന്പിൽ ഡ്യൂട്ടിയിലാണ്. കുടുംബം സുരക്ഷിതമായിരിക്കുന്നു എന്ന ആശ്വാസത്തിലാണ് സുനിൽ ഇവിടെ കർമരംഗത്തുള്ളത്.
തിരികെ എത്തുന്പോൾ വെള്ളം കയറി ചെളിനിറഞ്ഞ വീട് എങ്ങനെ പഴയ അവസ്ഥയിൽ വൃത്തിയാക്കി എടുക്കുമെന്ന് ആശങ്കയിലാണ് ബാക്കിയുള്ള എല്ലാവരും. ശക്തമായ ഒഴുക്കിൽ വീടിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന ഭയവുമുണ്ട്. പലർക്കും വീട് കെട്ടിപ്പടുത്തതിന്റെ വായ്പയടവ് കഴിഞ്ഞിട്ടില്ല. പകർച്ചവ്യാധിയുടേയും ഇഴജന്തുക്കളുടോയും ഭീഷണി വേറെയും. എങ്കിലും ഒരാഴ്ചയായി തുടരുന്ന പ്രളയഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ക്യാന്പുകൾ.