കൊല്ലം: മഴയുമായി ബന്ധപ്പെട്ട സ്ഥിതിഗതി ജില്ലയിൽ നിയന്ത്രണ വിധേയമെന്ന് ജില്ലയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി അനിൽ സേവ്യർ വിലയിരുത്തി. പൊതു സ്ഥിതി വിലയിരുത്തുന്നതിനായി കളക്ട്രേറ്റിൽ ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയന്റെ സാന്നിധ്യത്തിൽ ചേർന്ന അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ മഴക്കെടുതിയുടെ ഫലമായി ഉണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിനും സെക്രട്ടറി നിർദേശം നൽകി. തെന്മല-കോട്ടവാസൽ പാതയിൽ നിറുത്തിവച്ച ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കെഎസ്ആർടിസി ബസുകൾ ഒരു വശത്തേക്ക് വിട്ടു തുടങ്ങി. രണ്ടുദിവസത്തിനകം ഇരുവശങ്ങളിലേക്കും ഗതാഗതത്തിനായി താത്കാലിക സംവിധാനം ഏർപ്പെടുത്താനാകും.
മറ്റിടങ്ങളിൽ തകർന്ന റോഡുകളിൽ നിന്ന് ഗതാഗതം തിരിച്ചുവിട്ട് അപകടങ്ങൾ ഒഴിവാക്കുകയാണ്. ജില്ലയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ തൃപ്തികരമാണ്. പന്പിംഗ് നിറുത്തിവയ്ക്കപ്പെട്ട പ്രദേശങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്താനായി. ടാങ്കർ ലോറികളിലൂടെ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഗുണനിലവാര പരിശോധന നടത്തിയാണ് വിതരണം.
ദുരിതാശ്വാസ ക്യാന്പുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്താൻ നിർദേശം നൽകി. ക്യാന്പുകളിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും ആരോഗ്യവകുപ്പ് പ്രതിനിധികൾ നിത്യേന പരിശോധിക്കണം. ആവശ്യത്തിന് മരുന്ന് ഉറപ്പാക്കിയിട്ടുണ്ട ്. എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥർ ക്യാന്പുകളിൽ സന്ദർശിച്ച് സേവനം ഉറപ്പാക്കണം.
ക്യാന്പുകളിൽ എല്ലാ ദിവസവും പോലീസ് സന്ദർശനവും സഹായവും ഉറപ്പാക്കണം. മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പ് ക്യാന്പുകൾ നടത്തുന്നുണ്ട്. ഇവിടങ്ങളിൽ ആവശ്യത്തിന് മരുന്നും ചികിത്സാ സംവിധാനവും വിദഗ്ധരുടെ സേവനവും നിലനിറുത്തണം.
വൈദ്യുതി തകരാറ് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാനുള്ള നടപടികളാണ് കെഎസ്ഇബി നിർവഹിക്കേണ്ടത്. പരാതികൾ 24 മണിക്കൂറും സ്വീകരിക്കാനുള്ള സംവിധാനം പ്രവർത്തിപ്പിക്കുകയും വേണം. കിഴക്കൻ മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ മുൻകൈയെടുത്ത് നടപടി സ്വീകരിക്കണം.
നഗരത്തിലെ ദുരിതാശ്വാസ ക്യാന്പുകളിലെ ശുചിത്വപാലനം ഉറപ്പാക്കാൻ കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആരോഗ്യപ്രവർത്തകരെ നിയോഗിച്ച് ക്യാന്പുകളിൽ പരിശോധന നടത്തണം. കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും സെക്രട്ടറിയുടെ ചുമതലയാണെന്ന് യോഗം നിർദേശിച്ചു. ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, സബ്കലക്ടർ ഡോ. എസ്. ചിത്ര, എ. ഡി. എം. ബി. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.