കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിൽ മികവ് കാട്ടിയ കോട്ടയം പോലീസിന് മുഖ്യമന്ത്രിയുടെ ഉപഹാരം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഡിജിപി ലോക്നാഥ് ബഹ്റയിൽ നിന്ന് ഏറ്റുവാങ്ങി. ദുരിതാശ്വാസ പ്രവർത്തനത്തിന് 800ൽപ്പരം പോലീസ് ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ അശ്രാന്തം പരിശ്രമിച്ചു.
വെള്ളം കൂടുതൽ കയറുവാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി മനസിലാക്കി ഉച്ചഭാഷിണി മുഖാന്തിരം അറിയിപ്പ് നൽകിയതിനാൽ ജനങ്ങൾക്ക് കൂടുതൽ മുൻകരുതലുകൾ എടുക്കുവാൻ സാധിച്ചു. പ്രളയത്തിന്റെ കാഠിന്യം ഏറിവന്ന സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തി ദുരിതാശ്വാസ ക്യാന്പുകൾ തുടങ്ങുകയും പ്രസ്തുത സ്ഥലങ്ങളുടെ സുരക്ഷാക്രമീകരണങ്ങൾ സമയബന്ധിതമായി നടപ്പിൽ വരുത്തുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, രാമങ്കരി, കാവാലം, പുളിങ്കുന്ന്, നെടുമുടി തുടങ്ങിയ ഉൾപ്രദേശങ്ങളിൽ കുടുങ്ങി കിടന്ന നിരാലംബരായ പതിനായിരക്കണക്കിനു ആളുകളെ ടിപ്പർ, ടോറസ് ലോറികളിലും, ട്രാക്ടർ, ബോട്ട്, വള്ളങ്ങൾ മുതലായ വാഹനങ്ങളിൽ ചങ്ങനാശേരിയിൽ എത്തിക്കുകയും സ്പെഷൽ കണ്ട്രോൾ റൂം മുഖേന വിവരങ്ങൾ ശേഖരിച്ച് അവരുടെ ബന്ധുക്കളെ അറിയിക്കുവാൻ സഹായിക്കുകയും, മറ്റുള്ളവരെ ദുരിതാശ്വാസ ക്യാന്പിൽ മാറ്റുവാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു .
ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞുവരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയടക്കം ഡ്യൂട്ടിയിൽ നിയോഗിച്ചു.ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 600ൽപ്പരം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജനങ്ങളുടെ വീടും പരിസരവും വാസയോഗ്യമാക്കുന്നതിനായി ദിവസങ്ങളോളം രാപ്പകലില്ലാതെ പ്രവർത്തിച്ചു.
ഇതിനെല്ലാം ഉപരിയായി ജനങ്ങൾ ക്യാന്പുകളിൽ നിന്നും തിരിച്ചു അവരുടെ വീടുകകളിലേക്ക് മടങ്ങുന്പോൾ എടുക്കേണ്ട മുൻകരുതലുകളും അതുപോലെ തന്നെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെയും കുറിച്ച് ജനങ്ങൾക്ക് വേഗത്തിൽ മനസിലാകാവുന്ന തരത്തിൽ രണ്ടാമൂഴം എന്ന പേരോടുകൂടി ഹ്രസ്വ ചിത്രം തയാറാക്കി.
ആയതു നവമാധ്യമങ്ങൾ അടക്കം ഏറ്റെടുത്തു പചരിപ്പിച്ചതുമൂലം കേരളത്തിൽ മുഴുവനും നല്ല പ്രചാരണം നൽകുന്നതിന് സാധിച്ചു. ഇതിനുപുറമേ 400ൽപ്പരം പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.