ചങ്ങനാശേരി: കുട്ടനാട്ടിലെ പ്രളയജലത്തിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തകർക്ക് ഉൾപ്രദേശങ്ങളിലേക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങളും ഇവിടെ പര്യാപ്തമായിട്ടില്ല. കൈനകരി മേഖലയിൽനിന്ന് കുറെയേറെ പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, മിത്രക്കരി, പുതുക്കരി, വേഴപ്ര, കൊടുപ്പുന്ന, ചന്പക്കുളം, രാമങ്കരി, കിടങ്ങറ, മുട്ടാർ, മുട്ടാർ വടക്ക്, കായൽപ്പുറം, വെളിയനാട്, ഉൗരുക്കരി, പച്ച, മരിയാപുരം, ചേന്നങ്കരി, ചാത്തങ്കരി, പുളിങ്കുന്ന്, കുട്ടമംഗലം മേഖലകളിലെ ഉൾപ്രദേശങ്ങളിലായി ആയിരക്കണക്കിനാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. കൈനകരിയിലും രക്ഷാപ്രവർത്തകർ എത്താത്ത സ്ഥലങ്ങളുണ്ട്. ചെറിയ ബോട്ടുകളും വള്ളങ്ങളുമാണ് ഈ ഭാഗങ്ങളിൽ കൂടുതലും രക്ഷാപ്രവർത്തനത്തിനു വേണ്ടത്. വെള്ളം പൊങ്ങിയതിനാൽ പല തോടുകളിലൂടെയും വലിയ വള്ളങ്ങളോ ബോട്ടുകളോ പോകാത്ത സ്ഥിതിയാണ്.
വീടുകളിലും കെട്ടിടങ്ങളുടെ മുകളിലും കഴിയുന്ന ഇവർക്ക് ആഹാരവും വെള്ളവും പോലും ലഭ്യമാകുന്നില്ല. സർക്കാർ സഹായം എത്തുന്നതു കാത്തിരുന്നിട്ട് ഒന്നും ലഭിച്ചില്ലെന്ന് ഇവർ ബന്ധുക്കളെ ഫോണ്സന്ദേശങ്ങളിൽ അറിയിക്കുന്നുണ്ട്.
ആറിന്റെ തീരങ്ങളിലൂടെ സർക്കാർ സംവിധാനങ്ങളുമായി ബോട്ടുകളെത്തുന്നുണ്ടെങ്കിലും കൈത്തോടുകളുടെ വശങ്ങളിലേക്കു രക്ഷാപ്രവർത്തകർ എത്താത്തതു ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നു. ഇനിയും പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയാണെന്ന് കുടുങ്ങിക്കിടക്കുന്നവർ ബന്ധുക്കളെ ഫോണിൽ അറിയിക്കുന്നു.
വിവിധ പള്ളികളിലെത്തുന്ന ആളുകളെ വൈദികരുടെയും സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിൽ വള്ളങ്ങളിൽ കയറ്റി ചങ്ങനാശേരിയുടെ വിവിധ പ്രദേശങ്ങളിലെത്തിച്ചുകൊണ്ടിരിക്കുകയാണ്. വലിയ ബോട്ടുകൾ ലഭ്യമാകാത്തതു മൂലം ചുഴിയുള്ള പ്രദേശങ്ങൾ കടന്ന് ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കുട്ടനാട്ടിൽ പോലീസ്, ഫയർഫോഴ്സ് സംവിധാനങ്ങളും ഫലപ്രദമായി ഇടപെട്ടുതുടങ്ങിയിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.
അതേസമയം, ചങ്ങനാശേരിയിലെത്തുന്നവർക്കു താമസത്തിനായി സ്കൂളുകളും കോളജുകളും തുറന്നുനൽകിയിട്ടുണ്ടെന്നും ആവശ്യമായാൽ കൂടുതൽ കേന്ദ്രങ്ങൾ തുറന്നുനൽകുമെന്നും ചങ്ങനാശേരി അതിരൂപതാ കേന്ദ്രം അറിയിച്ചു.