പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ പത്തനംതിട്ട ജില്ലയിൽ ഉൗർജിതമായി പുരോഗമിക്കുന്നു. രാത്രി 8.30 മുതൽ കൊല്ലം നീണ്ടകരയിൽ നിന്നുള്ള രണ്ട് വള്ളങ്ങൾ കോഴഞ്ചേരി, ചെറുകോൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
ഇതിനു പുറമേ പോലീസിന്റെ രണ്ട് ബോട്ട് രാത്രി 10 മുതൽ ആറന്മുള ഭാഗത്ത് തിരച്ചിൽ തുടരുന്നുണ്ട്. നാവികസേനയുടെ ഓരോ ബോട്ടുകൾ പുല്ലാടും അയിരൂരും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. റാന്നിയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനുള്ള കോസ്റ്റ്ഗാർഡിന്റെ ബോട്ട് ഉടൻ എത്തും.
പുലർച്ചെ രക്ഷാപ്രവർത്തനം നടത്തുന്നതിന് തിരുവനന്തപുരത്തു നിന്ന് എത്തിയ എൻഡിആർഎഫിന്റെ രണ്ട് ടീമുകളെ നിയോഗിക്കും. ആറു ബോട്ടുള്ള ഒരു ടീമിനെ ആറന്മുളയിലും ഒരു ടീമിനെ റാന്നിയിലും വിന്യസിക്കും. അണക്കെട്ടിൽ നിന്നുള്ള ജലത്തിന്റെ അളവ് കുറയ്ക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്
. പന്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്ററായും ബാക്കി നാലു ഷട്ടറുകൾ 60 സെന്റീ മീറ്ററായും കുറച്ചു.റാന്നിയിൽ വെള്ളം 2 അടി താണു കോഴഞ്ചേരിയിൽ വെള്ളം ഉയരുന്നില്ല ,തിരുവല്ല താലൂക്കിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.