റാന്നി: കടകൾക്ക് പൂർണനഷ്ടം. സാധനങ്ങൾ മുഴുവൻ വെള്ളമെടുത്തു. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീർക്കഥകളാണ് ഇന്നലെ റാന്നി ടൗണ്‍ കണ്ടത്. പ്രളയക്കെടുതികൾക്കുശേഷം റാന്നിയിലെ കടകൾ തുറന്ന് വൃത്തിയാക്കാനെത്തിയവരെല്ലാം നെഞ്ചിടിപ്പോടെയാണ് സംസാരിച്ചത്. കോടി കണക്കിനു രൂപയുടെ നഷ്ടമാണ് പ്രളയം റാന്നി ടൗണിനു മാത്രമുണ്ടാക്കിയത്.
വ്യാപാരസ്ഥാപനങ്ങളിൽ മുഴുവൻ വെള്ളം കയറിയ ഒരു അനുഭവം ഇതിനു മുന്‍പ് ആരുടെയും ഓർമയിൽ ഇല്ല. മുന്‍പൊക്കെ വെള്ളം കയറുമായിരുന്നെങ്കിലും ഇത്തരത്തിൽ ഒരു അനുഭവം ആദ്യമാണ്. ചൊവ്വാഴ്ച രാത്രി മുന്നറിയിപ്പില്ലാതെ ഒഴുകിയെത്തിയ വെള്ളമാണ് ഇവരുടെ ജീവിതം തകർത്തത്.
വെള്ളം കയറിയതറിഞ്ഞ് പലരും കടകൾ തുറക്കാനെത്തിയെങ്കിലും ഒന്നും എടുത്തുമാറ്റാൻ ആകുമായിരുന്നില്ല. കടകളുടെ ഒന്നാംനില പൂർണമായി മുങ്ങി. വെള്ളം കയറിവരുന്ന ഭീതിയിൽ കടയ്ക്കകത്തു കയറിയവർ തന്നെ പ്രാണഭയം കൊണ്ട് രക്ഷപെട്ടു. പലരെയും ബോട്ടുകളിലെത്തിയാണ് രക്ഷപെടുത്തിയത്.
ഓണവ്യാപാരം പ്രതീക്ഷിച്ച് ഇറക്കിവച്ച സാധനങ്ങൾ അടക്കം നഷ്ടമായി. എല്ലാത്തരം വ്യാപാരകേന്ദ്രങ്ങൾക്കും നഷ്ടമുണ്ട്. വെള്ളം കയറി നഷ്ടപ്പെട്ട സാധനങ്ങളെല്ലാം ഉപയോഗശൂന്യമായി. ഇലക്ട്രോണിക്സ് സാധനങ്ങൾ, വാഹനങ്ങളുടെ ഷോറൂമുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറുകൾ, പലവ്യഞ്ജനങ്ങൾ, വസ്ത്രശാലകൾ, സ്റ്റേഷനറിക്കടകൾ തുടങ്ങി റാന്നി പെരുന്പുഴ മുതൽ ചെത്തോങ്കരവരെ നഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുന്നു.
കടകൾ വൃത്തിയാക്കുന്നതുതന്നെ ഭാരിച്ച ജോലിയായി. വ്യാപാരി സംഘടനകളും ചില സന്നദ്ധസംഘടനകളും സഹായത്തിനെത്തിയത് തുണയായി. ഇതരസംസ്ഥാനക്കാരെ ഉപയോഗിച്ചാണ് ഇന്നലെ പലയിടത്തും കടകൾ വൃത്തിയാക്കി തുടങ്ങിയത്.