പറവൂർ: വെള്ളപ്പൊക്ക ബാധിത മേഖലയിലെ എല്ലാ ജനങ്ങളും, സർക്കാരും മറ്റ് ഏജൻസികളും നല്കുന്ന സഹായങ്ങൾക്ക് അർഹരാണെന്ന് വി.ഡി. സതീശൻ എംഎൽഎ. ക്യാന്പിൽ കഴിഞ്ഞവർക്കും ക്യാന്പിൽ എത്താൻ കഴിയാത്തവർക്കും വീടുകളിൽ കഴിഞ്ഞവർക്കും സഹായങ്ങൾ ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു.
തകർന്നു കിടക്കുന്ന പുത്തൻവേലിക്കര താലൂക്ക് ആശുപത്രി സൈന്യത്തിന്റെ സഹായത്തോടെ പുനരുദ്ധരിക്കും. ഇതിനായി പത്ത് ഡോക്ടർമാർ ഉൾപ്പെടെ അറുപതംഗ സംഘം പുത്തൻവേലിക്കരയിൽ എത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗോതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം സജീവമാക്കാൻ ഒരു മെഡിക്കൽ ടീമിനൊപ്പം സാൽവേഷൻ ആർമിയും എത്തിയിട്ടുണ്ട്.
എല്ലാ പഞ്ചായത്തുകളിലെയും ഇപ്പോഴുള്ള പബ്ലിക് ഹെൽത്ത് സെന്ററുകൾ സജീവമാക്കുന്നതോടെ ഒരു ഡോക്ടറെ കൂടി നിയമിക്കും.തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചതെന്നും എംഎൽഎ പറഞ്ഞു. എസ്. ശർമ എംഎൽഎ, ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം വെള്ളപ്പൊക്ക ബാധിത മേഖലകളിലെ ദേശസാൽകൃത ബാങ്കുകൾ, മറ്റു ബാങ്കുകൾ എന്നിവയിൽ നിന്നും നല്‍കിയിട്ടുള്ള വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വി.ഡി. സതീശൻ എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വീടുകൾ വൃത്തിയാക്കി താമസം തുടങ്ങുന്നവർക്ക് അവശ്യ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും നല്‍കണമെന്നും മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ഇക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി എംഎൽഎ അറിയിച്ചു.