സ്വന്തം ലേഖകൻ
തൃശൂർ: പ്രളയക്കെടുതി അനുഭവിക്കുന്നവർക്കിടയിൽ രാപകൽ ഭേദമില്ലാതെ പരിചരണവുമായി ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘം. തൃശൂർ മെഡിക്കൽ കോളജിലെ മെഡിക്കൽ ടീമാണ് പ്രളയദുരിതം തുടങ്ങിയ 16 മുതൽ കർമനിരതരായിരിക്കുന്നത്.
പ്രളയജലം ഇറങ്ങിപ്പോകുകയും ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളവർ വീടുകളിലേക്കു മടങ്ങാനും തുടങ്ങിയെങ്കിലും ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംരക്ഷകരുടെ ദൗത്യം കുറയുകയല്ല, വർധിക്കുകയാണ്. ഓണവും ആഘോഷവുമെല്ലാം മാറ്റിവച്ച് ദുരിതബാധിതകരെ ശുശ്രൂഷിക്കുകയാണ് ഇവർ.
തൃശൂർ മെഡിക്കൽ കോളജിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റും അടങ്ങുന്ന നാലു സംഘങ്ങളാണ് ജില്ലയിലെ 752 ദുരിതാശ്വാസ ക്യാന്പുകളിൽ പരിശോധനയും മരുന്നുവിതരണവുമായി എത്തുന്നത്. ഓരോ മെഡിക്കൽ സംഘത്തിലും പത്തു മുതൽ പതിനഞ്ചുവരെ വിദഗ്ധ ഡോക്ടർമാരുണ്ട്. മാറ്റിവയ്ക്കാവുന്ന ശസ്ത്രക്രിയകൾ മാറ്റിവച്ചുകൊണ്ടാണ് മെഡിക്കൽ സംഘം ക്യാന്പുകളിൽ ശുശ്രൂഷ നടത്തുന്നത്.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആരോഗ്യ പരിശോധനാ, മരുന്നു വിതരണത്തിനുള്ള ടീമുകൾക്കു നേതൃത്വം നൽകാൻ പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ആർഎംഒ ഡോ. സി.പി. മുരളി, ഡോ. റെനി ഐസക് എന്നിവരുടെ മേൽനോട്ടത്തിലാണു ക്രമീകരണങ്ങൾ ഒരുക്കുന്നത്.
ഓരോ ടീമിലും ഉൾപെടുത്തേണ്ട സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ പട്ടിക തയാറാക്കി, മരുന്നുകൾ, വാഹനം തുടങ്ങിയവയെല്ലാം സജ്ജീകരിച്ചാണ് ക്യാന്പുകളിലേക്കു പോകുന്നത്. ഓരോ മെഡിക്കൽ സംഘവും ദിവസം മൂന്നോ നാലോ ദുരിതാശ്വാസ ക്യാന്പുകളിൽ പരിശോധന നടത്തുന്നുണ്ട്. രാവിലെ എട്ടു മുതൽ വൈകുന്നേരം എട്ടരവരെയാണു മെഡിക്കൽ സംഘം രോഗികൾക്കു ചികിൽസയുമായി ദുരിതാശ്വാസ ക്യാന്പുകളിൽ സേവനം ചെയ്യുന്നത്.
ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കു പനി, പ്രളയവെള്ളത്തിലൂടെ നടന്നതുമൂലം കാൽവിരലുകളിൽ വളംകടി. ഫംഗസ് ബാധ, ജലദോഷം തുടങ്ങിയ അസുഖങ്ങളാണു കണ്ടുവരുന്നത്. വീടുകളിലേക്കു മടങ്ങുന്നതോടെ പാന്പുകടിയേറ്റ് ചികിൽസ തേടിയെത്തുന്നവരുമുണ്ട്. ജീവിതസന്പാദ്യമായ വീടും വീട്ടിലെ സർവസ്വവും നശിച്ചതുമൂലം മാനസിക സംഘർഷം അനുഭവിക്കുന്നവർ ധാരാളമാണ്.
ഇവർക്കു കൗണ്സിലിംഗും ഉചിതമായ ചികിൽസയും നൽകുന്നുണ്ട്. വീടു തകർന്നുപോയതിനാൽ താമസിക്കാൻ ഇടമില്ലാത്ത രോഗബാധിതരായ പത്തു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ രോഗം മാറിയാലും താമസിക്കാൻ ഇടമില്ലാത്തതിനാൽ തത്കാലം പുറത്താക്കില്ല.
മെഡിക്കൽ കോളജ് ആശുപത്രിക്കരികിലെ കുറാഞ്ചേരിയിൽ 19 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതടക്കമുള്ള പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിലാണു മെഡിക്കൽ കോളജ് അധികാരികൾ പൂർത്തിയാക്കിയത്. ആദ്യ ദിവസം ലഭിച്ച 12 മൃതദേഹങ്ങൾ പ്രത്യേക സാഹചര്യത്തിൽ പ്രത്യേക അനുമതിയോടെ രാത്രിതന്നെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി.
മൃതദേഹം സൂക്ഷിക്കാനുള്ള ഫ്രീസറുകൾ സജ്ജമാക്കി കൊടുത്തതടക്കമുള്ള ജോലികൾ മെഡിക്കൽ കോളജിന്റെ നേതൃത്വത്തിലാണു നടത്തിയത്. ഷൊർണൂർ റോഡിലെ വിയ്യൂർ മുതൽ പാട്ടുരായ്ക്കൽ വരെയുള്ള ഭാഗം വെള്ളത്തിൽ മുങ്ങിയ രണ്ടു ദിവസം മെഡിക്കൽ കോളജ് ടിമിന്റെ സേവനം ജില്ലയുടെ വടക്കൻ മേഖലയിൽ മാത്രമായിരുന്നു. വെള്ളമിറങ്ങിയതോടെ കറുകുറ്റി വരെയുള്ള ഇതര മേഖലകളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു.
ജില്ലയിലെ പ്രൈമറി ഹെൽത്ത് സെന്ററുകളിലും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലുമെല്ലാം ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംരക്ഷണ സേന രോഗികളെ പരിചരിക്കുന്ന തിരക്കിലാണ്. ചില സ്വകാര്യ ആശുപത്രികളും സേവനവുമായി ചില ദുരിതാശ്വാസ ക്യാന്പുകളിലെത്തി.