സ്വന്തം ലേഖകൻ
തൃശൂർ: മഹാപ്രളയത്തിന്റെ ബാക്കിപത്രമായി നാടെങ്ങും മാലിന്യക്കൂന്പാരം. വെള്ളം കയറി നനഞ്ഞു കുതിർന്ന നിരവധി വസ്തുക്കൾ വീടുകൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി എടുത്തു മാറ്റി വഴിയോരങ്ങളിലും പുറന്പോക്കുകളിലും തള്ളിക്കൊണ്ടിരിക്കുകയാണ്. ഓരോ വീടുകളിൽ നിന്നും വൻതോതിലാണ് ഇത്തരത്തിൽ മാലിന്യം പുറന്തള്ളുന്നത്.
നനഞ്ഞു കുതിർന്ന കിടക്കകൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, മരത്തിന്റെ ഫർണീച്ചറുകൾ തുടങ്ങി വീടുകളിലെ പല നിത്യോപയോഗ സാധനങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. ഇവയെല്ലാം ഇപ്പോൾ വീടിനു പുറത്തേക്ക് വലിച്ചെറിയാനേ വീട്ടുകാർക്ക് കഴിയുന്നുള്ളു. കേരളം മുഴുവൻ ഇതു തന്നെയാണ് അവസ്ഥ. ഓരോ ദിവസം കഴിയും തോറും മാലിന്യക്കൂന്പാരം കൂടുതലായിക്കൊണ്ടിരിക്കുകയാണ്.
മാലിന്യസംസ്കരണം നേരത്തെ തന്നെ വലിയ പ്രശ്നമായിരുന്ന കേരളത്തിൽ ഇപ്പോൾ മാലിന്യസംസ്കരണം പ്രളയാനന്തരമുള്ള ഏറ്റവും വലിയ ബാധ്യതയും കീറാമുട്ടിയുമായി തീർന്നിരിക്കുകയാണ്. നിലവിലുള്ള മാലിന്യ സംസ്കരണ പദ്ധതികളും സംവിധാനങ്ങളും തീർത്തും അപര്യാപ്തമാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വെള്ളം കയറിയ വീടുകളുടെ ശുചീകരണം കേരളമെന്പാടും നടക്കുന്നുണ്ട്.
ഓരോ ദിവസവും മാലിന്യങ്ങൾ ലോഡ് കണക്കിനാണ് പുറന്തള്ളപ്പെടുന്നത്. നനഞ്ഞു കുതിർന്നവയായതുകൊണ്ടുതന്നെ കൂട്ടിയിട്ട് കത്തിക്കാൻ പോലും നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ്. തൃശൂർ ജില്ലയിൽ പ്രളയം കനത്ത ആഘാതം സൃഷ്ടിച്ച ചാലക്കുടിയിലും മറ്റിടങ്ങളിലും മാലിന്യപ്രശ്നം അതീവ ഗുരുതരമായി തുടരുകയാണ്.ആക്രികച്ചടവക്കാർ ഇത്തരം മാലിന്യമലയിൽ നിന്ന് തങ്ങൾക്കാവശ്യമുള്ളത് തിരയാനെത്തുന്നുണ്ടെങ്കിലും ഒന്നും എടുക്കാൻ കഴിയുന്ന തരത്തിലല്ലെന്ന് അവർ പറയുന്നു.
പ്ലാസ്റ്റിക് മാലിന്യം മാത്രമേ കൊണ്ടുപോകാൻ കഴിയൂ എന്നാണവരുടെ പക്ഷം. വീടുകളിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യത്തിന് പുറമെ കനാലുകളിലും മറ്റും വെള്ളം ഇറങ്ങിയപ്പോൾ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ശുചീകരണത്തോടൊപ്പം മാലിന്യസംസ്കരണവും കൂടി നടന്നെങ്കിൽ മാത്രമേ ഇപ്പോഴത്തെ ഗുരുതരമായ സ്ഥിതിവിശേഷം മാറ്റാനാകൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കൂടുതൽ വളണ്ടിയർമാരെ മാലിന്യസംസ്കരണത്തിനായി നിയോഗിക്കേണ്ടി വരും. മാലിന്യങ്ങൾ എങ്ങിനെ ശരിയാം വിധം സംസ്കരിക്കാമെന്നതിനെക്കുറിച്ച് വളണ്ടിയർമാർക്ക് പരിശീലനവും നൽകേണ്ടി വരും. പ്രളയക്കെടുതിയുടെ ബാക്കിപത്രമെന്ന നിലയിൽ കേരളം നേരിടുന്ന വലിയ ദുരന്തമായി മാലിന്യപ്രശ്നം മാറിക്കൊണ്ടിരിക്കുകയാണ്.