പ്രൊഫഷണലുകളെ പരീക്ഷിച്ചു, പരിശീലനം ലഭിച്ചവരെ പരീക്ഷിച്ചു, അവസാനം ഗോത്രവര്‍ഗത്തിലുള്ളവരെ തന്നെ പരീക്ഷിച്ചു. യാതൊരു രക്ഷയുമുണ്ടായില്ല. ഫ്‌ളോറിഡ നിവാസികള്‍ക്ക് ശല്യമായി മാറിയിരിക്കുന്ന പെരുമ്പാമ്പുകളെ പിടികൂടുന്നതിനായാണ് അധികൃതര്‍ ഇപ്പോള്‍ ആളുകളെ തേടിക്കൊണ്ടിരിക്കുന്നത്. ആളുകളെ കിട്ടാതായതോടെ ഇപ്പോള്‍ പുതിയ വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍. പാമ്പിനെ പിടിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ് ഇവര്‍.
പൈഥണ്‍ പിക്കപ്പ് പ്രോഗ്രാം എന്നാണ് ഈ പദ്ധതിയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ഏതാനും വര്‍ഷങ്ങളായി ഫ്ളോറിഡയ്ക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്ന ബര്‍മ്മീസ് പെരുമ്പാമ്പുകളെ പിടിക്കുന്നവര്‍ക്ക് ടീ ഷര്‍ട്ടാണ് സമ്മാനമായി നല്‍കുന്നത്. ഫ്ളോറിഡയിലെ തദ്ദേശീയ ജീവിയല്ലാത്ത ബര്‍മ്മീസ് പെരുമ്പാമ്പുകള്‍ 15 വര്‍ഷത്തിനിടെ എപ്പോഴോ ആണ് ഈ പ്രദേശത്തെത്തിയത്. കുറഞ്ഞ സമയം കൊണ്ടു തന്നെ അവ പെറ്റുപെരുകുകയും ഇന്ന് ഇവയുടെ എണ്ണം പതിനായിരക്കണക്കിലേറെയായി മാറുകയും ചെയ്തു.
എതിരാളികളില്ലാത്തതും അനുകൂല കാലാവസ്ഥയും അനുയോജ്യമായ പരിതസ്ഥിതിയുമാണ് ഇവ പെറ്റു പെരുകാന്‍ കാരണമായത്. ഇതോടെ തദ്ദേശീയരായ പല ജീവികളും പെരുമ്പാമ്പിന് ഇരയാവുകയും വംശനാശഭീഷണി നേരിടുകയും ചെയ്യുകയാണ്. ടീഷര്‍ട്ടുകള്‍ കൂടാതെ നറുക്കെടുപ്പിലൂടെ സ്‌നേക്ക് ഹൂക്കുകള്‍, കാമറകള്‍, ബാഗുകള്‍ തുടങ്ങിയവയും സമ്മാനമായി നല്‍കും. കൂടാതെ പാമ്പ് പിടുത്തത്തില്‍ താത്പര്യമുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനും ഇവര്‍ തയാറാണ്. കഴിഞ്ഞ് രണ്ട് വര്‍ഷമായി ഇത്തരത്തിലുള്ള കാമ്പയിന്‍ ഇവിടെ സംഘടിപ്പിച്ചുണ്ട്. പരിശീലനം ലഭിക്കാത്തവര്‍ക്ക് പോലും വളരെയെളുപ്പത്തില്‍ പെരുമ്പാമ്പിനെ പിടിക്കാന്‍ സാധിക്കുമെന്നാണ് മനസിലാക്കിയിട്ടുള്ളതെന്നും അധികൃതര്‍ പറയുന്നു.