തൃക്കൂർ: നായരങ്ങാടിയിൽ തോട്ടം വിൽക്കാൻ സമ്മാനകൂപ്പണ്‍ ഇറക്കിയ ദന്പതിമാരുടെ പേരിൽ നടപടിക്കു നിർദേശം. നറുക്കെടുപ്പ് തടയാനും തുടർനടപടികളും ആവശ്യപ്പെട്ട് ജില്ലാ ലോട്ടറി ഓഫീസർ പുതുക്കാട് പോലീസിൽ പരാതി നൽകി.
1000 രൂപയുടെ സമ്മാനകൂപ്പണെടുത്താൽ ഭാഗ്യശാലിക്ക് 68 സെന്റ് സ്ഥലം എന്ന പരസ്യത്തോടെ കല്ലൂർ നായരങ്ങാടിയിലെ മരിയ ഗാർമെന്റ്സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് സമ്മാനകൂപ്പണ്‍ ഇറക്കിയത്.
നായരങ്ങാടി തുണിയന്പ്രാൽ വീട്ടിൽ മുജി തോമസ്, ബൈസി ദന്പതികളാണ് സ്ഥലം വില്പനയ്ക്കായി പുതിയ മാർഗം പരീക്ഷിച്ചത്.
ചില മാധ്യമങ്ങൾ വാർത്തയാക്കുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ലോട്ടറി വകുപ്പ് സംസ്ഥാന ജോയിന്റ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് ജില്ലാ ഓഫീസർ പരാതി നൽകിയത്.
1998ലെ ലോട്ടറി റെഗുലേഷൻ ആക്ടിലെ 7(3), 8 വകുപ്പുകൾ പ്രകാരം സ്ഥലമുടമകൾ ചെയ്തത് കുറ്റകരമാണെന്നു ജില്ലാ ലോട്ടറി ഓഫീസർ ഷാജു അറിയിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമം 294 എ വകുപ്പ് പ്രകാരം വ്യക്തികൾക്കു ലോട്ടറി നടത്താൻ പാടില്ല. ഇത് ആറുമാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
നിരന്തരം ശ്രമിച്ചിട്ടും മികച്ച വിലയ്ക്ക് സ്ഥലം വിൽക്കാനാകാതെ വന്നതോടെയാണ് സമ്മാനകൂപ്പണ്‍ അടിച്ചിറക്കാൻ ദന്പതിമാർ തീരുമാനിച്ചത്.
1000 രൂപയുടെ 300 കുപ്പണാണ് ഇവർ ഇറക്കിയത്. കടബാധ്യത തീർക്കാ നും മകന്റെ പഠനത്തിനും തുക കണ്ടെത്താനായിരുന്നു ഇവരുടെ ശ്രമം.
എന്നാൽ ഇതിനെതുടർന്ന് സംസ്ഥാനത്ത് വ്യാപകമായി ഇതേ മാതൃകയിൽ സമ്മാനകൂപ്പണുകൾ പരീക്ഷിക്കപ്പെടുന്നുണ്ടെന്നു വകുപ്പ് അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസം പുതുക്കാടും കാസർഗോഡും ഇതേരീതിയിൽ വീട് വില്പനയ്ക്ക് കൂപ്പണ്‍ ഇറക്കിയിരുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഓഗസ്റ്റ് 15-ന് നറുക്കെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ കൂപ്പണ്തുക തിരിച്ചു നൽകുമെന്നും ഈ ദന്പതികൾ നേരത്തേ അറിയിച്ചിരുന്നു.