ആലപ്പുഴ: കൊറോണക്കാലത്ത് വീടുകളിൽ ഭക്ഷണമൊരുക്കാൻ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിട്ടാതെ വിഷമിക്കുന്ന ആലപ്പുഴ ജില്ലയിലെ കൈനകരിയിലെ കുടുംബങ്ങൾക്ക് സഹായമായി കുടുംബശ്രീയുടെ പുതുസംരംഭം.
കൈനകരി പഞ്ചായത്തിലെ അഞ്ചു വനിതകൾ ചേർന്ന് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ എല്ലാ സാധനങ്ങളും ലഭ്യമാക്കി ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റ് ഒരുക്കിക്കൊണ്ടാണ് കൊറോണക്കാലത്തെ നേരിടാൻ പഞ്ചായത്തിലെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നത്. വാടകയ്ക്കെടുത്ത ബോട്ടിലാണ് ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റിന്റെ പ്രവർത്തനം.
കൊറോണ വൈറസിന് തോൽപ്പിക്കാൻ കഴിയാത്ത നിശ്ചയദാർഢ്യവുമായാണ് കുടുംബശ്രീ വനിതകളായ പ്രീത ഷൈൻ, പവിത അനിൽ, പ്രീത മണിക്കുട്ടൻ, അർച്ചന സോമശേഖരൻ, സലിലമ്മ ഭാസുരൻ എന്നിവർ ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റുമായി രംഗത്തിറങ്ങിയത്.
ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ പഞ്ചായത്തിലെ ജനങ്ങൾക്ക് വീടിനുപുറത്ത് ദൂരെ പോയി സാധനങ്ങൾ വാങ്ങുന്നതിന് ഒരു പാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇതൊഴിവാക്കുന്നതിന് ഫ്ളോട്ടിംഗ് സൂപ്പർമാർക്കറ്റ് എന്ന രീതിയിൽ ഒരു സംരംഭം തുടങ്ങുന്നത് ഏറെ സഹായകരമാകും എന്ന തിരിച്ചറിവിൽ നിന്നാണ് ദിവസങ്ങൾക്കുള്ളിൽ ഇത് യാഥാർത്ഥ്യമായത്.
രാവിലെ തന്നെ സിഡിഎസ് പ്രതിനിധികൾ വാർഡ് മെമ്പർമാർ, എഡിഎസ് അംഗങ്ങൾ, അയൽക്കൂട്ട പ്രതിനിധികൾ എന്നിവരുടെ വാട്ട്സാപ് ഗ്രൂപ്പുകളിലേക്ക് ഓരോ ബോട്ട്ജെട്ടിയിലും സൂപ്പർമാർക്കറ്റ് എത്തുന്ന വിവരം അറിയിക്കും. ഇതു പ്രകാരം ഓരോ ജെട്ടിയിലും സൂപ്പർമാർക്കറ്റ് അടുക്കുമ്പോൾ ആളുകളെത്തി അവർക്കാവശ്യമായ സാധനങ്ങൾ വാങ്ങുകയാണ് ചെയ്യുന്നത്.
സാമൂഹ്യ അകലം സൂക്ഷിക്കുക എന്ന നിർദേശം കർശനമായി പാലിക്കുന്നതിലും ഇവർ ശ്രദ്ധിക്കുന്നു. ആളുകൾ തമ്മിൽ കൂട്ടം കൂടി നിൽക്കാതെ നിശ്ചിത അകലത്തിൽ നിർത്തിക്കൊണ്ടാണ് സാധനങ്ങൾ നൽകുന്നത്.
പഞ്ചായത്തിലെ ഭജനമഠം, ചേന്നങ്കരി ഈസ്റ്റ്, ഐലൻഡ്, വാവക്കാട്, തെക്കേ വാവക്കാട്, കുട്ടമംഗലം, പടിഞ്ഞാറേ കുട്ടമംഗലം, കട്ടപ്പുറം, തോട്ടുകടവ്, ചെറുതാലി കായൽ, പഞ്ചായത്ത് വാർഡ് , അറുനൂറ്റും പാടം എന്നീ പ്രദേശങ്ങളിൽ കഴിയുന്നവർക്ക് തികച്ചും അനുഗ്രഹമായി മാറിയിരിക്കുകയാണ് വനിതകളുടെ ഫ്ളോട്ടിംഗ് സൂപ്പർ മാർക്കറ്റ്.
പമ്പയാറിന്റെ കൈവഴിയിലൂടെ സൂപ്പർമാർക്കറ്റ് കടവിലെത്തുമ്പോൾ ദൂരേക്ക് യാത്ര ചെയ്യാതെ തന്നെ വീട്ടിലേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാനുള്ള അവസരമാണ് ഓരോ കുടുംബത്തിനും കൈവന്നത്.കൈനകരി പഞ്ചായത്തിലെ സമഭാവന,തനിമ എന്നീ കുടുംബശ്രീയിലെ അംഗങ്ങളാണ് സംരംഭത്തിനു പിന്നിലുള്ള വനിതകൾ.
ഇതിനു മുമ്പ് ഇവർ അഞ്ചു പേരും ചേർന്ന് നെടുമുടി കൈനകരി പഞ്ചായത്തിന്റെ അതിർത്തിയായ പൂപ്പളളി ജംഗ്ഷനിൽ കുടുംബശ്രീ സൂക്ഷ്മസംരംഭമായി പച്ചക്കറി വ്യാപാരം നടത്തി വരികയായിരുന്നു. എല്ലാവരും ചേർന്ന് സ്വന്തം കൈയിലെ സമ്പാദ്യം ചേർത്തു വച്ചുകൊണ്ടാണ് സംരംഭം ആരംഭിച്ചത്.
കൊറോണ വൈറസിനെതിരേയുള്ള പ്രതിരോധ മാർഗങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവരുടെ പച്ചക്കറി കടയും അടച്ചിടേണ്ടി വന്നു. എന്നാലും കഴിയുന്നത്ര ആളുകൾക്ക് ഇവർ തന്നെ വീടുകളിൽ നേരിട്ട് പച്ചക്കറികൾ എത്തിച്ചു കൊണ്ട് സംരംഭം നിലനിർത്തി.
പച്ചക്കറികൾക്കൊപ്പം അരിയും പലവ്യഞ്ജനങ്ങളും കൂടി എത്തിച്ചുതരാമോ എന്നുള്ള വീട്ടമ്മമാരുടെ ചോദ്യമാണ് സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റ് എന്ന സംരംഭം തുടങ്ങാൻ ഈ അഞ്ചു വനിതകൾക്ക് പ്രചോദനമായത്.
ആവശ്യക്കാർ ഏറിയതോടെ ഇവർ സിഡിഎസ് ചെയർപേഴ്സണായ പ്രസീതയ്ക്കൊപ്പം പഞ്ചായത്ത് അധികൃരെ സമീപിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതർ പദ്ധതിക്ക് അനുമതി നൽകി. തുടർന്ന് ഇവർ അഞ്ചു പേരും ചേർന്ന് ഒന്നര ലക്ഷം രൂപ സമാഹരിച്ചു.
പഞ്ചായത്ത് അധികൃതരിൽ നിന്നും യാത്ര ചെയ്യാനുള്ള അനുമതിപത്രവും വാങ്ങി. ഹൗസ് ബോട്ടിന്റെയത്ര തന്നെ വലിപ്പമുള്ള ഒരു ബോട്ട് സൂപ്പർമാർക്കറ്റിനു വേണ്ടി വാടകയ്ക്കെടുത്ത് സാധനങ്ങൾ ഇനം തിരിച്ചു വയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തു.
പ്രതിദിനം ആയിരം രൂപയാണ് ബോട്ടിന്റെ വാടക. രാവിലെ കൈനകരി പഞ്ചായത്ത് കടവിൽ നിന്നും നിറയെ സാധനങ്ങളുമായി സൂപ്പർമാർക്കറ്റ് യാത്ര തിരിക്കും. പ്രീത, പവിത, പ്രീത മണിക്കുട്ടൻ, അർച്ചന എന്നിവരാണ് കച്ചവടത്തിനായി പോകുന്നത്.
രാവിലെയും ഉച്ചയ്ക്കും കഴിക്കാനുള്ള ഭക്ഷണവും കുടിവെള്ളവുമായാണ് ഇവരുടെ യാത്ര. ഗ്രൂപ്പിലെ അംഗമായ സലിലമ്മ മറ്റു സ്ഥലങ്ങളിൽ പച്ചക്കറികൾ എത്തിക്കുന്നു.