ആലപ്പുഴ: മാരക ലഹരിചേർത്ത സിഗററ്റുകൾ കേരളത്തിലേക്ക് ഒഴുകുന്നു. വിദ്യാർഥികളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് വിപണയിലെത്തിക്കുന്ന സിഗററ്റുകൾക്ക് ഇപ്പോൾ മാർക്കറ്റിൽ വൻ പ്രിയമെന്നാണ് വിവരം. മുന്തിരിമുതൽ സാന്പാർവരെ രുചികളിൽ ഇവലഭ്യം.
വലിച്ചാൽ പുകയില ഗന്ധം പുറത്തറിയാത്തതിനാൽ അധികവും ഫ്ളേവറുകൾ ചേർന്ന സിഗററ്റുകളെയാണ് വിദ്യാർഥികൾ ആശ്രയിക്കുന്നതും. ഇപ്പോൾ പാൻപരാഗിനും ശംഭുവിനും വിടനൽകി വിദ്യാർഥികൾ വിവിധ രുചിഭേദങ്ങളിലെത്തുന്ന സിഗററ്റുകൾക്കായി മത്സരിക്കുകയാണെന്നാണ് വിവരം. ഇത്തരം വിവരത്തെ തുടർന്ന് എക്സൈസ് അധികൃതരും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പുകയില ഉത്പന്നങ്ങളുടെ വിപണയിലുണ്ടായ വൻ ഇടിവിനെ തുടർന്ന് പുകയില വ്യാപാരികൾ തന്നെ നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലൊരു വിവരം ലഭ്യമായിട്ടുള്ളത്. പനാമ, വിൽസ്, ചാർമിനാർ എന്നിങ്ങനെ സിഗറ്റുകളുടെ രാജാക്കൻമാർ കൈയടക്കിയ വിപണനത്തിൽ പെട്ടെന്നാണ് വൻ ഇടിവുണ്ടായത്.
ആഗോള വിപണി കൈയടക്കിയ ബ്രാൻഡുകളുടെ പേരുകളാണ് വ്യാജസിഗററ്റുകൾക്കും നൽകുന്നത്. അതിസൂക്ഷ്മ പരിശോധനയിലേ ഇവ കണ്ടെത്താനുമാകൂ. സ്റ്റാറ്റ്യൂട്ടറി നിർദേശങ്ങളോ പുകയില ഉപയോഗത്തിലെ ഭീകരതയോ ഈ സിഗററ്റുകളുടെ പായ്ക്കറ്റുകൾക്കു മേൽ പതിപ്പിച്ചിട്ടുമില്ല.
സാധാരണ സിഗററ്റിന് അന്പതു പൈസ ലാഭം ലഭിക്കുന്പോൽ വ്യാജനു ലഭിക്കുന്ന അഞ്ചുമുതൽ എട്ടുവരെ രൂപയാണ്. ഒരു സിഗററ്റിന് 15 രൂപ നിരക്കിലാണു വില്പന നടത്തുന്നത്. നികുതിയോ സെസോ നൽകാതെ കടൽ കടന്നെത്തുന്ന സിഗററ്റുകൾ കേരളത്തിൽ വിറ്റഴിക്കപ്പെടുന്പോൾ പ്രതിമാസം ഇതുവഴി സർക്കാരിനു നഷ്ടമാകുന്നത് 100 കോടി രൂപയാണ്.
കേരളത്തിൽ 1000 കോടി രൂപയാണ് നികുതി ഇനത്തിൽ പുകയില വ്യാപാരികൾ പ്രതിവർഷം സർക്കാർ ഖജനാവിലേക്ക് ഒടുക്കുന്നത്. 130 ശത്മാനം നികുതി ഈടാക്കുന്ന സിഗററ്റ് ഉത്പന്നങ്ങൾക്കു നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാങ്ങിയെടുക്കുന്ന നികുതിയുടെ ഒരുശതമാനം പോലും ഈ മേഖലയിൽ ചെലവിടുന്നില്ല.
30 ശതമാനം നികുതിയും അഞ്ചുശതമാനം സെസും വിവിധ ഇനങ്ങളിലായി 90 ശതമാനം ആഢംബര നികുതികളും ഏർപ്പെടുത്തിയിട്ടുളള സിഗററ്റ് വ്യാപാരത്തിൽ സെസ് വാങ്ങുന്നത് ആരോഗ്യ ബോധവത്കരണത്തിനാണ്. ടൂറിസ്റ്റ് കാറുകളിലും മറ്റുമായി മാർക്കറ്റിലെത്തിക്കുന്ന സിഗററ്റുകൾ വില്പന നടത്തുന്നതും യുവാക്കൾ തന്നെ.
പ്രധാനമായും ശ്രീലങ്കവഴി തമിഴ്നാട്ടിലെത്തുന്ന വ്യാജസിഗററ്റുകൾ കേരളത്തിലെ കിഴക്കൻ ജില്ലകൾ വഴിയാണ് സംസ്ഥാനത്തെത്തുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായുള്ള വ്യാജ സിഗററ്റുകൾ ഇപ്പോൾ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം ജില്ലകളിലേക്കും എത്തുന്നതായാണ് രഹസ്യവിവരം.
പരിശോധനകൾ ശക്തമാക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം. ഒരാഴ്ചമുന്പ് കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഇത്തരം സിഗററ്റുകൾ കണ്ടെടുത്തിരുന്നു. ആലപ്പുഴയിൽ നിന്നും പിടികൂടിയിട്ടുണ്ട്.