നീട്ടിവളർത്തിയ മുടിയിൽ വർണപ്രപഞ്ചം, കൈവിരലുകളിൽ ആർട്ടിഫിഷ്യലായി നീട്ടിയ നഖം… അമേരിക്കൻ ഇതിഹാസ ട്രാക്ക് ആൻഡ് ഫീൽഡ് താരമായ ഫ്ളോ ജോ എന്നറിയപ്പെടുന്ന ഗ്രിഫ്ത്ത് ജോയ്നറിന്റെ ആരാധികയായതുകൊണ്ടാണ് ഇത്തരത്തിൽ ഷെക്കേരീ റിച്ചാർഡ്സണ് പ്രത്യക്ഷപ്പെടുന്നത്. മുത്തശി ബെറ്റി ഹാർപ്പും ആന്റിയും ചേർന്നാണു റിച്ചാർഡ്സണിനെ വളർത്തിയത്.
ഇരുപത്തിമൂന്നുകാരിയായ ഷെക്കേരീ റിച്ചാർഡ്സണിന്റെ രാജ്യാന്തര കരിയറിലെ ആദ്യമെഡലാണ് ബുഡാപെസ്റ്റ് ലോക ചാന്പ്യൻഷിപ്പിലെ 100 മീറ്റർ സ്വർണം.
2020 ടോക്കിയോ ഒളിന്പിക്സിനുള്ള അമേരിക്കൻ ട്രയൽസിൽ വനിതാ വിഭാഗം 100 മീറ്ററിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ഷെക്കേരി റിച്ചാർഡ്സണ് ആയിരുന്നു.
എന്നാൽ, ഉത്തേജക പരിശോധനയ്ക്കായി എടുത്ത മൂത്രത്തിൽ കഞ്ചാവിന്റെ അംശം കണ്ടതോടെ അയോഗ്യയാക്കപ്പെട്ടു.
ഒളിന്പിക്സ് യോഗ്യതാ പോരാട്ടത്തിന്റെ ഒരാഴ്ച മുന്പ് റിച്ചാർഡ്സണിന്റെ ബയോളജിക്കൽ അമ്മ മരിച്ചിരുന്നു.
ഇക്കാര്യം ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിലൂടെ അറിഞ്ഞശേഷം റിച്ചാർഡ്സണ് ചെയ്ത അബദ്ധമായിരുന്നു മൂത്രത്തിൽ കഞ്ചാവിന്റെ അംശം കണ്ടെത്താനും ഒളിന്പിക്സ് യോഗ്യത ഇല്ലാതാകാനുമുള്ള കാരണം.