ഓർക്കിഡ് വസന്തം

അരാൻഡ സലയാ റെഡ്, നിസാർ പിങ്ക്, വൈറ്റ് കെ ഓറഞ്ച്… കല്ലറയ്ക്കൽ വീടിന്റെ കവാടത്തിനു മുന്നിൽ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തെ അലങ്കരിക്കുന്ന വിധം നിറഞ്ഞുനിൽക്കുന്ന ഓർക്കിഡ് പൂക്കൾ ആരെയും ആകർഷിക്കുന്നതാണ്. 40 ഇനത്തിലുള്ള ഓർക്കിഡ് ചെടികൾ കൊണ്ട് ഈ വീടിനു ചുറ്റും ഒരു പൂന്തോപ്പാക്കി മാറ്റിയിരിക്കുകയാണ് ഷീന ടോം എന്ന വീട്ടമ്മ. മുതലക്കോടം ഹന്നാ പോളിമേഴ്സിന്റെ ഉടമ ടോം ജെ കല്ലറയ്ക്കലിന്റെ ഭാര്യ ഷീന. ഇതു മാത്രമല്ല, പലയിനം ഫലവൃക്ഷങ്ങളും പച്ചക്കറികളും ഷീനയുടെ പുരയിടത്തിൽ വിളഞ്ഞു നിൽക്കുന്നു.

പൂക്കൾ പലതരം

പിങ്ക് വാനില സോണിയ, ബിജെല്ലോ പർപ്പിൾ, മൊക്കാറയിൽ മഡ്രാൻജ് റെഡ്, പിങ്ക്സ്പോട്ട്, കാലിപ്സോ, ജംബോ, ജയ്ലാക്ക് വൈറ്റ് എന്നിവയും ഇവിടെ വിലസുന്നു. സപ്നാര, ഹോൾട്ടുമാറ, കഗ്വാര, ലിമാറ, ലിയാര എന്നീ ഇനങ്ങളും ഒൺസീഡിയം ഇനങ്ങളിൽ ഗോൾഡൻ സൺസെറ്റ്, ലിൻഡ് മുതലായവയും ഒറ്റത്തണ്ടായി വളരുന്ന ഫലനോപ്സീസിൽ അമാബലീസ്, സാൻഡ്രയാന, ഡയലേഷ്യ, അരൊന്തറ ആനി ബ്ലാക്ക് തുടങ്ങിയവയും പൂക്കളുടെ കൂട്ടത്തിലുണ്ട്.

അരാന്തെറ ജയിംസ് സ്റ്റോറി രണ്ടിനങ്ങളുണ്ട്. ഇളം ചുവപ്പ് പൂക്കളും മഞ്ഞ പൂക്കളുമുണ്ടാകും. കഗ്വാര ക്രിസ്റ്റീലോ ചുവന്ന പൂക്കൾ, മൊക്കാറാ കലിപ്സോ വാടാമല്ലിയുടെ നി റം, മൊക്കാറാ ചക്വാൻ പിങ്ക്, മൊക്കാറാ ലംസം സൺലൈറ്റ്, മൊക്കാറാ സിങ്കപ്പൂർ റെഡ് ഇതൊന്നും വിപണന സാധ്യത കണക്കിലെടുത്തു വളർത്തുന്നതല്ല. പൂക്കളെയും ചെടികളെയും ഇഷ്‌ടപ്പെടുന്ന ഷീന ടോമിന്റെ ഒരു സന്തോഷം മാത്രമാണിത്. ഇഷ്‌ടം പോലെ ആളുകൾ വന്നു പൂക്കൾ ശേഖരിച്ചു പോകുന്നുണ്ട്. ഒരു ചെടി പോലും പണത്തിനുവേണ്ടി വിൽക്കാൻ ഷീനയ്ക്കു താൽപര്യമില്ല. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സംസ്‌ഥാനത്തിന് അകത്തും പുറത്തുമുള്ള കാർഷിക–പുഷ്പമേളകളിൽ നിന്നും വിലകൊടുത്തു വാങ്ങി നട്ടുവളർത്തുന്നതാണ് ഓരോ ഓർക്കിഡ് തൈകളും. കല്ലറയ്ക്കൽ വീടിന്റെ ഐശ്വര്യമായി തിളങ്ങുന്നതും ഈ പൂക്കൾ തന്നെയാണ്.

പഴങ്ങളും സുലഭം

ഓർക്കിട്ട് ചെടികളെ പരിപാലിക്കുക മാത്രമല്ല, ഷീനയുടെ ഇഷ്‌ടവിനോദം. പഴവർഗങ്ങളുടെ വിളനിലമായി കല്ലറയ്ക്കൽ പുരയിടം മാറ്റിയെന്നതാണ് മറ്റൊരു സവിശേഷത. പുരയിടത്തിൽ നിറയെ സ്വദേശികളും വിദേശികളുമായ പഴങ്ങളുണ്ട്. ഷീന ടോമിനു ഒരു സെക്കന്റ് സമയം പോലും വെറുതെ കളയാനില്ല. കാരണം 42 ഓളം പഴവർഗച്ചെടി കൾ, നാല്പതോളം ഓർക്കിട്ട് ചെടികൾ, കൂടാതെ പച്ചക്കറികൾ. വീടിനോടു ചേർന്നുള്ള 70 സെന്റ് കൃഷിഭൂമിയിൽ നൂറുമേനി വിളയിക്കുകയാണ് വീട്ടമ്മയായ ഷീന ടോം.

ലോകത്തിൽ കിട്ടാവുന്ന എല്ലാ പഴവർഗങ്ങളും ഈ വീട്ടുമുറ്റത്തു വിളയിപ്പിക്കണമെന്നാണ് ഷീനയുടെ ആഗ്രഹം. ഈന്തപ്പന വരെ മുറ്റത്തുണ്ട്. മുറ്റത്തിനു അഴകായി മാവുകൾ, ലിച്ചി, റംബൂട്ടാൻ തുടങ്ങിയവ. സ്ക്വാഷ്, ഐസ്ക്രിം, വൈൻ എന്നിവയുണ്ടാക്കാൻ വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ലിച്ചി പഴത്തിന്റെ ചെടി ചുവന്നു തിളങ്ങി നിൽക്കുന്നു. കൂടാതെ മൂട്ടിപ്പഴവും ധുരിയാനും ആകർഷകം തന്നെ. മലേഷ്യൻ പഴവർഗങ്ങളാണ് കൂടുതലായിട്ടുള്ളത്. റംബുട്ടാൻ (11 തരം റംബുട്ടാൻ), നാടൻ റംബുട്ടാൻ, ബ്ലോക്ക് റംബുട്ടാൻ (മഞ്ഞയും ചുവപ്പും), ഫുലാസ, മാങ്കോയിസ്റ്റൻ, മുസംബി, സബർജിൽ, ടാർജെറിൻ കൂടാതെ മാങ്ങയുടെ വ്യത്യസ്തതയും ഇവിടെ ദർശിക്കാം. മൂവാണ്ടൻ മാത്രമല്ല, കോശേരി, അൽഫോൻസ്, വെങ്കരിപ്പിള്ളി തുടങ്ങിയ 10 ഓളം ഇനങ്ങൾ പുരയിടത്തിലുണ്ട്. ചാമ്പയിനത്തിലുള്ള നാടൻ ചാമ്പ, പനിനീർ ചാമ്പ, ബ്ലോക്ക് ചാമ്പ, ശ്രീലങ്കൻ ചാമ്പ, ആപ്പിളുകളിൽ കസ്റ്റാഡ് ആപ്പിൾ, വെൽവറ്റ് ആപ്പിൾ, അർബുദത്തിനു ഫലപ്രദമായ മരുന്നു കൂടിയായ ലക്ഷ്മിതരൂ, മുള്ളാത്ത എന്നിവയും ഷീനയുടെ കൃഷിയിലുണ്ട്. നെല്ലി, പേര, ജാതി, സപ്പോട്ട, ഫാഷൻ ഫ്രൂട്ട്സ്, അമ്പഴം, മധുരഅമ്പഴം, ചീമ നെല്ലി എന്നിവയും പുരയിടത്തിൽ സ്‌ഥാനം പിടിച്ചിരിക്കുന്നു. ഓരോ യാത്രകളിൽ കണ്ടുമുട്ടുന്ന ചെടികളെ സ്വന്തമാക്കിയാണ് പുരയിടം നിറച്ചിരിക്കുന്നത്. കാർഷിക പ്രദർശനങ്ങളിൽ നിന്നു വിത്തുകളും തൈകളും വാങ്ങും. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ വിദ്യാർഥികളായ ആൻ മരിയയും നിയ മരിയയും ജോസഫും അമ്മയ്ക്കൊപ്പം ചെടി പരിചരണത്തിലുണ്ട്.

തികച്ചും ജൈവം

ഏതു കാലാവസ്‌ഥയിലുമുള്ള പഴവർഗങ്ങളും സ്വന്തം പുരയിടത്തിൽ പരീക്ഷിക്കാനുള്ള തന്റേടമാണ് ഷീനയ്ക്കുള്ളത്. കാർഷിക കുടുംബത്തിൽ ജനിച്ച ഷീന കൃഷിയെ അത്രമാത്രം ഇഷ്‌ടപ്പെടുന്നു. പൂർണമായും ജൈവവളമാണ് ഇവിടെ ഉപയോഗിക്കുന്നത്. മഴമറയിലാണ് പച്ചക്കറി. കൃഷിഭവന്റെ സഹായവും ലഭിച്ചു. ചേമ്പ്, കാച്ചിൽ, ചേന, ചെറുകിഴങ്ങ്, മത്തൻ, മഞ്ഞൾ, ഇഞ്ചി, വെണ്ട, പയർ, കുമ്പളം, പാവൽ, കോവൽ, ചീര, പച്ചമുളക്, വഴുതനങ്ങാ, കാന്താരി, തക്കാളി വരെ ഈ മഴമറയിൽ വിളയുന്നു. ഈ പുരയിടത്തിൽ കൂടുതലായി വിളയിച്ചെടുക്കുന്ന പഴവർഗങ്ങളും പച്ചക്കറികളും വിറ്റുപോകാനും മാർക്കറ്റുണ്ട്. കോതമംഗലം രൂപത എകെസിസിയുടെ മുതലക്കോടത്തുള്ള കർഷക ഓപ്പൺ മാർക്കറ്റ് കർഷകർക്കു തുണയായി പച്ചക്കറികൾ ഏറ്റെടുക്കുന്നുണ്ട്. ഇവിടെയാണ് വില്പന.

ജോൺസൺ വേങ്ങത്തടം
ഫോട്ടോ: ബിബിൻ സേവ്യർ

Related posts