പത്തനാപുരം: മലയാളിയുടെ മുറ്റത്തെ പൂക്കളത്തിന് ഇനി വലിപ്പം കുറയും. തമിഴ്നാട്ടിൽ പൂലഭ്യത കുറഞ്ഞതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് വിലക്കയറ്റത്തിൽ പൊള്ളുകയാണ് പൂവിപണി. അത്തമായതോടെ നിരവധി ചരക്കുവാഹനങ്ങളിൽ വിവിധ പൂക്കൾ എത്തി തുടങ്ങിയിട്ടുണ്ടെങ്കിലും മുൻവർഷത്തേക്കാൾ കുറവാണ്.തമിഴ്നാട്ടിലെ ജലക്ഷാമം കാരണം ഇത്തവണ പൂക്കൾക്ക് വില വർധിക്കുകയും ചെയ്തിട്ടുണ്ട്.ഓണനാളുകൾക്ക് നിറം പകരാൻ തമിഴ്മണ്ണിൽ പൂപാടങ്ങൾ സെപ്റ്റംബർ തുടക്കം മുതൽ തന്നെ
ഒരുങ്ങി കഴിഞ്ഞു.കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ബന്ദി പൂപാടങ്ങൾ തന്നെയാണ് പ്രധാന ആകർഷണീയത.തമിഴ്നാട്ടിലെ തേവാള,പാവൂർ ഛത്രം, ആലങ്കുളം, തിരുനെൽവേലി,ശങ്കരൻകോവിൽ,കടയല്ലൂർ
എന്നിവിടങ്ങളിൽ നിന്നാണ് പൂവ് എത്തുന്നത്.റോസ പൂവ്,ബന്ദി,വാടാമുല്ല എന്നിവ ബാംഗ്ലൂരിൽ നിന്നും എത്തുന്നുണ്ട്.സാധാരണ പൂ കൃഷി നടന്നിരുന്ന സൊറണ്ട, സുന്ദരപാണഡ്യപുരം എന്നിവിടങ്ങളിലെ പൂപാടങ്ങൾ തരിശിട്ടിരിക്കുകയാണ്.
സീസണിൽ മാത്രം പൂകൃഷി നടത്തുന്നവർക്ക് സർക്കാർ പ്രത്യേക അനൂകൂല്യങ്ങളും നൽകിയിരുന്നു. എന്നാൽ ഇത്തവണ അതും ഉണ്ടായില്ല. കൃഷി പോലെ തന്നെ പാവൂർ ഛത്രം പൂകച്ചവടത്തിനും പ്രസിദ്ധമാണ്.തുച്ഛമായ നിരക്കും ലേല വ്യവസ്ഥയിൽ പൂ ലഭിക്കുന്നതുമാണ്വ്യാപാരികളെഇവിടെ എത്തിക്കുന്നത്.
സാധാരണദിവസങ്ങളിൽ എല്ലായിനം പൂക്കളും ഇടനിലക്കാർ വഴി എത്തുമെങ്കിലും ഓണമായാൽ ഒരു തരം പൂക്കൾ മാത്രമേ ഒരു ഇടനിലക്കരൻ വഴി ലഭിക്കൂ. ബന്ദി,കൊളുന്ത്,തുളസി,വിവിധ നിറങ്ങളിലുള്ള റോസാ,മുല്ല എന്നിവയാണ് പ്രധാന കൃഷി. ഫെബ്രുവരിയിലാണ് കൃഷി ആരംഭിച്ചത്. കൃഷിയുടെ പ്രധാനലക്ഷ്യം കേരളത്തിലെ ഓണവിപണിതന്നെയാണ്. ഓണം കഴിഞ്ഞാൽ പൂ പാടങ്ങളെല്ലാം പച്ചക്കറി കൃഷിയിലേക്ക് മാറും.തുച്ഛമായ നിരക്കിൽ ലഭിക്കുന്ന പൂക്കൾ അതിർത്തി കടക്കുന്നതോടെ വില ഇരട്ടിയാകും.