സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് കാലത്തെ വിരസത മാറ്റാൻ ചെടി ചലഞ്ച് നടത്തി ഒരു വർഷം കൊണ്ട് വീടാകെ പൂന്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് സൈക്കോളജിസ്റ്റായ വരന്തരപ്പിള്ളി മുരിങ്ങത്തുപറന്പിൽ ഗ്ലോസി ജോണ്.
ഒരു വർഷം മുന്പ് ഒരു പൂച്ചെടിപോലുമില്ലാതിരുന്ന വീടിപ്പോൾ പൂങ്കാവനം പോലെയാണ്. വെറുതേ ഒരു നേരംപോക്കായി തുടങ്ങിയതാണു പ്ലാന്റ് കളക്ഷൻ. കിട്ടുന്നിടത്തുനിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു വീട്ടിലെത്തിക്കുകയായിരുന്നു ഗ്ലോസി.
ഇന്നു മുപ്പതോളം ഇനം ഓർക്കിഡുകൾ അടക്കം മുന്നൂറോളം ഇനങ്ങളിൽപ്പെട്ട പൂച്ചെടികളുണ്ട് ഇവിടെ. ജല സസ്യങ്ങൾ, ഇൻഡോർ പ്ലാന്റുകൾ തുടങ്ങി നിറങ്ങളുടെയും മറ്റും വകഭേദമെടുത്താൽ പൂവിടാത്തതും പൂക്കുന്നതുമായ നൂറുകണക്കിനു ചെടികൾ മുറ്റത്തും അകത്തുമെല്ലാം നിറഞ്ഞുനിൽക്കുന്നു.
ടെറസിലും മതിലിലും തുടങ്ങി കിട്ടാവുന്ന സ്ഥലത്തെല്ലാം ഇത്തരം ചെടികൾകൊണ്ട് നിറച്ചിരിക്കുകയാണ്.തന്റെ കളക്ഷനിലെ ഓർക്കിഡുകൾ ആദ്യമായി പൂത്തതിന്റെ സന്തോഷത്തിൽകൂടിയാണ് ഈ യുവ വീട്ടമ്മ. പൂവിടാൻ പിശുക്കുകാണിക്കുന്ന ഓർക്കിഡുകളിൽ പതിനഞ്ചോളം ഇനങ്ങളാണ് ഇപ്പോൾ ഒന്നിച്ചു പൂത്തു നിൽക്കുന്നത്.
ചെടികൾ ശേഖരിച്ചു തുടങ്ങിയതു ഗ്ലോസിയാണെങ്കിലും ഓർക്കിഡ് കളക്ഷനു തുടക്കമിട്ടത് ഭർത്താവ് അഭിലാഷ് ആന്റണിയാണ്. സോണിയ, എമ്മ വൈറ്റ് തുടങ്ങി ഓർക്കിഡിലെ താരമായ ഫെലനോപ്സിസ് അടക്കമുള്ള വിവിധ ഇനങ്ങളുണ്ട് ഇപ്പോൾ ഇവരുടെ കളക്ഷനിൽ.
ഓർക്കിഡുകൾ പൂവിടണമെങ്കിൽ ചെടിക്ക് ഇഷ്ടപ്പെട്ട സ്ഥലത്തുതന്നെ നടണമെന്ന് ഗ്ലോസി പറയുന്നു. ഓരോ ചെടിക്കും അനുയോജ്യമായത്ര സൂര്യപ്രകാശവും താപനിലയുമെല്ലാം വേണം. ചില വകഭേദങ്ങൾക്കു നാല്പതു ശതമാനം സൂര്യപ്രകാശം വേണമെങ്കിൽ ചിലതിനു നൂറുശതമാനം സൂര്യപ്രകാശം വേണം.
ഇതു കണ്ടെത്തി വീട്ടിൽതന്നെയുള്ള അനുയോജ്യമായ സ്ഥലങ്ങളിലാണ് ഓർക്കിഡുകൾ വച്ചിരിക്കുന്നത്.കൃത്രിമ വളങ്ങൾ ഒന്നും ഉപയോഗിക്കാതെയാണു പരിചരിക്കുന്നത്. ചെടികൾ പരിപാലിക്കുന്നതിലൂടെയും അവയെക്കുറിച്ച് മനസിലാക്കുന്നതിലൂടെയും ലഭിക്കുന്ന മാനസികോല്ലാസം ചെറുതല്ലെന്ന് ഈ മനശാസ്ത്രജ്ഞ പറയുന്നു.
പുതിയ ചെടികൾ വയ്ക്കാൻ സ്ഥലമില്ലാത്തവിധം വീടു നിറഞ്ഞു കഴിഞ്ഞു. എങ്കിലും തന്റെ പ്ലാന്റ് ചലഞ്ചുമായി മുന്നോട്ടുപോകും. വാണിജ്യാടിസ്ഥാനത്തിൽ പൂച്ചെടികൃഷി ചെയ്യുന്ന കാര്യവും ഇവർ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.