ഓണം പടിവാതില്‍ക്കലെത്തിയതോടെ പൂവില കുതിച്ചുയരുന്നു, ഒരു കിലോ മുല്ലപ്പൂ വാങ്ങണമെങ്കില്‍ കൊടുക്കേണ്ടത് 1600 രൂപ!

TVM-MULLAPOOനെയ്യാറ്റിന്‍കര: പൊന്നിന്‍ചിങ്ങമെത്തിയതോടെ വിപണിയിലെ പൂക്കള്‍ക്ക് വില വര്‍ധിച്ചു. കര്‍ക്കടകത്തിലെ വിലയില്‍ നിന്നും പല പൂക്കള്‍ക്കും പത്തിരട്ടിയോളം വര്‍ധനയാണുണ്ടായതെന്ന് വ്യാപാരികള്‍. അയല്‍സംസ്ഥാനത്തു നിന്നാണ് കേരളത്തില്‍ ആഘോഷങ്ങള്‍ക്കായി പൂക്കളെത്തുന്നത്. കര്‍ക്കടക മാസത്തിലേതിനെക്കാള്‍ വലിയൊരു അളവില്‍ വിവിധയിനം പൂക്കള്‍ മലയാള നാട്ടിലെ വിപണി ലക്ഷ്യമാക്കി എത്തുകയും ചെയ്യും.

ഇതര സംസ്ഥാനങ്ങളിലെ തോട്ടങ്ങളില്‍ നിന്നുള്ള പൂക്കള്‍ ഇവിടുത്തെ ചെറുതും വലുതുമായ പുഷ്പവ്യാപാര കേന്ദ്രങ്ങളില്‍ ഇടം പിടിക്കുന്നത് ഇടനിലക്കാര്‍ വഴിയാണ്. തോട്ടം നടത്തിപ്പുകാരുമായും കൃഷിക്കാരുമായും ഏര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന പൂക്കള്‍ വാഹനമാര്‍ഗം കേരളത്തിലെ വിപണികളില്‍ കൊണ്ടുവരും.

കര്‍ക്കടക മാസത്തില്‍ പിച്ചിപ്പൂവിന് കിലോയ്ക്ക് 200 മുതല്‍ 250 രൂപ വരെയായിരുന്നു വില. ചിങ്ങം പിറന്നതോടെ പിച്ചിയുടെ വില രണ്ടായിരമായി ഉയര്‍ന്നു. ഓണക്കാലം എന്നതിനൊപ്പം പൊതുവേ വിവാഹത്തിന് അനുകൂലമായ മാസമായതിനാല്‍ അതിര്‍ത്തിക്കപ്പുറത്തെ പുഷ്പവ്യാപാരികള്‍ക്ക് ചിങ്ങം വന്‍ലാഭം നേടാനുള്ള സമയം കൂടിയാണ്. മുല്ലപ്പൂവിന് കിലോ 1600 രൂപ വരെയാണ് നിലവിലെ നിരക്ക്. അരളി കിലോയ്ക്ക് 200 രൂപയായും ജമന്തി 100 രൂപയായും വാടാമുല്ല 80 രൂപയായും ചുവന്ന റോസിന് 300 രൂപയായും വില വര്‍ധിച്ചു.

Related posts