ഏറ്റവും സാധാരണമായ അസുഖമായാണ് ജലദോഷത്തെ കണക്കാക്കുന്നത്. എന്നാല്‍ കോവിഡ് എത്തിയതോടെ ജലദോഷത്തെ ആളുകള്‍ ഗൗരവമായി കാണാന്‍ തുടങ്ങി.
അമ്പരപ്പിയ്ക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ യുകെയിലെ എസ്സെക്സില്‍ നിന്ന് പുറത്ത് വരുന്നത്. ജലദോഷം പിടിപെട്ടതിനെ തുടര്‍ന്ന് 20 വര്‍ഷത്തെ ഓര്മ നഷ്ടമായിരിയ്ക്കുകയാണ് ക്ലെയര്‍ മുഫറ്റ് റീസ് എന്ന യുവതിയ്ക്ക്.
തലച്ചോറിനെ ബാധിക്കുന്ന എന്‍കഫലൈറ്റസ് എന്ന അവസ്ഥയാണ് ക്ലെയറിന് ഉണ്ടായത്. ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന അലര്‍ജിയിലൂടെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത്.
തലച്ചോറിലുണ്ടായ അണുബാധ ഓര്മ നഷ്ടമാക്കുകയായിരുന്നു. ലോക എന്‍കഫലൈറ്റസ് ദിനത്തില്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ക്ലെയറും കുടുംബവും പങ്കെടുത്തിരുന്നു.
രണ്ട് ആണ്മക്കള്ക്കും ഭര്‍ത്താവ് സ്കോട്ടിനും ഒപ്പം എസെക്സിലാണ് ക്ലെയര്‍ താമസിക്കുന്നത്. ഈ പരിപാടിയിലാണ് ഇവര്‍ തങ്ങള്‍ക്ക് സംഭവിച്ച അവസ്ഥകളെ കുറിച്ച് തുറന്നു പറഞ്ഞത്.
2021ലെ ഒരു രാത്രി ഉറങ്ങുന്നതിനു മുന്‍പ് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. സാധാരണ ജലദോഷമാണെന്നു കരുതി ക്ലെയര്‍ ഉറങ്ങാന്‍ കിടന്നു.
എന്നാല്‍ പിറ്റേന്നു മുതല്‍ ക്ലേരെ അബോധാവസ്ഥയിലായി. നീണ്ട 16ദിവസം കോമയിലായിരുന്നു. ബോധം വന്നപ്പോള്‍ 20 വര്‍ഷത്തെ ഓര്മ ക്ലെയറിന് നഷ്ടമായിരുന്നു.
ഉടന്‍ തന്നെ ക്ലേരെയെ ആശുപത്രിയില്‍ എത്തിച്ചു. തലച്ചോറില്‍ ബ്ലീഡിങ്ങാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഉടന്‍ തന്നെ ക്ലേരെയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
പിന്നീടു നടത്തിയ പരിശോധനയിലാണ് എന്‍കഫലൈറ്റിസ് ആണെന്ന് അറിഞ്ഞത്. പ്രാരംഭത്തില്‍ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുന്നത്. എന്നാല്‍ ജീവനു തന്നെ ഭീഷണിയാണ് ഇത്.
‘രണ്ടാഴ്ചയായി ക്ലെയറിന് ജലദോഷമായിരുന്നു. എന്നാല്‍ ഓരോ ദിവസവും അലര്‍ജി പ്രശ്നങ്ങള്‍ കൂടി വന്നു. ജലദോഷമാണല്ലോ എന്നു കരുതി കാര്യമാക്കിയില്ല. ഒരു ദിവസം രാത്രി ഉറങ്ങിയ അവള് പിറ്റേന്ന് രാവിലെ എഴുന്നേറ്റില്ല.’ സ്കോട്ട് വ്യക്തമാക്കി.
‘ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം ഞാന്‍ മറന്നു പോയി. രണ്ടു കുട്ടികളുണ്ടെന്ന് എനിക്കറിയാം. പക്ഷേ, അവര്‍ക്ക് എപ്പോഴാണ് ജന്മം നല്‍കിയതെന്ന് ഓര്‍ത്തെടുത്താന്‍ എനിക്ക് സാധിച്ചില്ല.
അവരുടെ ജന്മദിനമോ സ്കൂളിലെ ആദ്യത്തെ ദിവസമോ ഇഷ്ടാനിഷ്ടങ്ങളോ ഓര്‍ത്തെടുക്കാന്‍ എനിക്കു സാധിച്ചില്ല.
ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ എനിക്ക് കുറെയൊക്കെ സംഭവങ്ങള്‍ ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്. സ്കോട്ടിനെ ഒരു അപരിചിതനെ പോലെയാണ് ഞാന്‍ നോക്കിയത്. അദ്ദേഹം ആ സമയം എങ്ങനെ തരണം ചെയ്തു എന്ന് അറിയില്ല.’ ക്ലെയര്‍ പറഞ്ഞു. എന്തായാലും ജലദോഷം എപ്പോഴും അത്ര നിസ്സാരക്കാരനല്ലെന്ന് വെളിവാക്കുന്നതാണ് ഈ സംഭവം.