പറക്കും കാറുകൾ നിർമിക്കാൻ കമ്പനികൾ മത്സരിക്കുന്പോൾ അമേരിക്കൻ കമ്പനിയായ കിറ്റി ഹോക്ക് പറക്കും ടാക്സി അവതരിപ്പിച്ചു. കോറ എന്നു പേരിട്ടിരിക്കുന്ന വാഹനത്തിന് ഹെലികോപ്റ്ററുകൾ പോലെ നേരേ മുകളിലേക്കു ടേക്ക് ഓഫ് ചെയ്യാനും നിലത്തിറങ്ങാനും കഴിയും.
കഴിഞ്ഞ ഡിസംബറിൽ അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും നീണ്ടുപോയി. ന്യൂസിലൻഡിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കോറ സർക്കാരിൽനിന്നുള്ള അനുമതി ലഭിച്ചാലുടൻ സർവീസ് തുടങ്ങും. ഇതിനായി ന്യൂസിലൻഡ് സർക്കാരും സീഫിർ എയർവർക്സും (കോറ സർവീസ് നടത്താൻ കിറ്റി ഹോക്ക് രൂപീകരിച്ച കമ്പനി) ചർച്ച തുടങ്ങിയിട്ടുണ്ട്.
ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ പിന്തുണയുള്ള കിറ്റി ഹോക്കിന്റെ സിഇഒ സെബാസ്റ്റ്യൻ ത്രൺ ആണ്. ഗൂഗിളിന്റെ എക്സ് ലാബ്സിന്റെ സ്ഥാപകനാണ് സെബാസ്റ്റ്യൻ ത്രൺ. 13 ഇലക്ട്രിക് മോട്ടോറുകളാണ് കോറയുടെ ശക്തി. മുകളിലേക്ക് ഉയരാനും പറക്കാനും ഈ മോട്ടോറുകൾ കോറയെ സഹായിക്കും.
പരമാവധി വേഗം മണിക്കൂറിൽ 177 കിലോമീറ്റർ. ഒരു തവണ 100 കിലോമീറ്റർ സഞ്ചരിക്കാനാകും. രണ്ടു യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വാഹനം സ്വയം സഞ്ചരിക്കുന്നതിനാൽ പൈലറ്റിന്റെ ലൈസൻസ് ആവശ്യമില്ല. 2021 ആകുന്പോഴേക്കും ഊബർ പോലെ ആപ് വികസിപ്പിച്ച് സർവീസ് നടത്താനാണ് കമ്പനിയുടെ തീരുമാനം.