25 വര്‍ഷത്തിനിടെ അറുനൂറോളം മോഷണക്കേസുകളില്‍ പ്രതി; ലോ പോയന്റുകള്‍ മനഃപാഠമായതിനാല്‍ വാദിക്കാന്‍ വക്കീലും വേണ്ട; വെള്ളപ്പൊക്ക സമയത്തും പലയിടത്തും മോഷണം നടത്തി; പറക്കും കള്ളന്‍ ജയപ്രകാശിന്റെ മോഷണചരിത്രം ഇങ്ങനെ…

മാവേലിക്കര: കള്ളന്മാര്‍ പലവിധമുണ്ടെങ്കിലും ഇതുപോലെയുള്ള കള്ളന്മാരെ സിനിമയില്‍ പോലും കാണാന്‍ സാധിക്കില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ അറുനൂറോളം മോഷണക്കേസുകളില്‍ ശിക്ഷ കിട്ടിയത് വളരെ ചുരുക്കം എണ്ണത്തിന്. ലോ പോയന്റുകള്‍ മനഃപാഠമായതിനാല്‍ സ്വന്തമായി കേസ് വാദിക്കും. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട് സ്വദേശി ജയപ്രകാശിന്റെ മോഷണചരിത്രമാണിത്.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെല്ലാം ഇയാളുടെ പേരില്‍ കേസുകളുണ്ട്. മോഷണത്തിനുശേഷം വിദഗ്ധമായി രക്ഷപ്പെടുന്ന ജയപ്രകാശ് പോലീസിന് സ്ഥിരം തലവേദനയാണ്. ഇരുപതാം വയസ്സില്‍ മോഷണം തുടങ്ങിയതാണ്. സ്വര്‍ണവും പണവുമാണ് മുഖ്യം. ഒരു പ്രദേശത്ത് തങ്ങിയാല്‍ പരമാവധി വീടുകളിലും സ്വര്‍ണക്കടകളിലും കയറും. മോഷണം നടത്തിയശേഷം മലവിസര്‍ജനം നടത്തുന്ന രീതിയുണ്ട്. ആളില്ലാത്ത വീടാണെങ്കില്‍ അടുക്കളയില്‍ പാചക പരീക്ഷണം നടത്തും. മുട്ടയാണ് ഇഷ്ടവിഭവം. മോഷണരീതിയിലൂടെ പ്രതിയെ തിരിച്ചറിയുമെങ്കിലും ആളിനെ പിടികൂടാന്‍ വലിയ പാടാണ്. പകല്‍സമയത്ത് തീവണ്ടികളില്‍ കറങ്ങും. രാത്രി രണ്ടിനുശേഷമാണ് മോഷണത്തിനിറങ്ങുക. നാലിനുമുന്‍പ് ജോലിതീര്‍ത്തു മടങ്ങും.

അമ്പലപ്പുഴ, തകഴി, എടത്വാ പ്രദേശങ്ങളിലെ നിരവധി മോഷണക്കേസുകളുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നതിനിടെ ഏപ്രില്‍ 27-നാണ് ജയപ്രകാശ് മാവേലിക്കര സബ് ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന്, തിരുവന്‍വണ്ടൂര്‍ ഭാഗത്താണ് തമ്പടിച്ചത്. വെള്ളപ്പൊക്കം രൂക്ഷമായ സമയത്ത് പല വീടുകളിലും മോഷണം നടത്തിയതായി പരാതിയുണ്ട്. ഇതില്‍ ഒരിടത്ത് വീട്ടുകാര്‍ കയറിച്ചെല്ലുമ്പോള്‍ കള്ളന്‍ മുട്ട ഓംലെറ്റ് തയ്യാറാക്കുകയായിരുന്നു. ജയില്‍ ചാടിയശേഷം പത്തോളം വീടുകളില്‍ മോഷണം നടത്തിയതായാണ് വിവരം.

കുട്ടുപ്രതികളില്ലാത്തതും തൊണ്ടി മുതല്‍ ആര്‍ക്കാണ് വില്‍ക്കുന്നതെന്ന് പറയാത്തതിനാലും മോഷണക്കേസുകള്‍ തെളിയിക്കാന്‍ വലിയ പാടാണ്. പോലീസ് പിടിയിലായാല്‍ ശരീരത്ത് സ്വയം മുറിവുകളുണ്ടാക്കും. ജയിലില്‍ എത്തിയാലും ഇതാണ് രീതി. ഇതോടെ മൂന്നാംമുറയില്‍നിന്ന് രക്ഷപ്പെടാം.മാവേലിക്കര ജയിലില്‍ നല്ല പുള്ളിയായാണ് കഴിഞ്ഞിരുന്നത്. ജയില്‍വളപ്പില്‍ വലിയ തോതില്‍ പച്ചക്കറികൃഷി നടത്തി ഉദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റി. ഇയാള്‍ കൃഷിചെയ്ത ജൈവപച്ചക്കറികള്‍ ജയിലിനുപുറത്ത് 40,000 രൂപയ്ക്കാണ് വിറ്റത്. ഈ അനുകൂലസാഹചര്യം മുതലാക്കിയാണ ്പ്രതി ജയില്‍ ചാടിയത്.

ഇയാളുടെ ജയില്‍ചാട്ടം ഭയന്ന് മാവേലിക്കര സബ് ജയില്‍ വളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദന മരം വെട്ടാനൊരുങ്ങുകയാണ് ഇപ്പോള്‍. മരം വെട്ടിമാറ്റുന്നതിന് ജയില്‍ അധികൃതര്‍ വനം വകുപ്പിന്റെ അനുമതി തേടിയിരിക്കുകയാണ്. അനുമതി കിട്ടിയാലുടന്‍ ജയിലിലെ ചന്ദനം വെട്ടും. ജയില്‍ മുറിയുടെ ജനലില്‍ ചവിട്ടി ചന്ദന മരത്തില്‍ കയറിയ ശേഷം കേബിള്‍ വയറില്‍ പിടിച്ചായിരുന്നു ഇയാള്‍ മുമ്പ് ഇവിടെനിന്നും സാഹസികമായി രക്ഷപ്പെട്ടത്.

ഏറെ ഉയരമുള്ള ജയില്‍ മതിലിന് മുകളില്‍നിന്ന് പക്ഷി പറന്നിറങ്ങുന്നതുപോലെയാണ് റിമാന്‍ഡ് പ്രതി താേഴക്ക് ചാടിയതെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു. പരിക്കൊന്നും ഏല്‍ക്കാതെ ഓടി രക്ഷപ്പെടുകയും ചെയ്തു.ജയപ്രകാശിനെ ജയില്‍ ജീവനക്കാരും പോലീസും ചേര്‍ന്ന് കഴിഞ്ഞദിവസം കമ്പത്തുനിന്ന് പിടികൂടി. ഇയാളെ വീണ്ടും ഇതേ ജയിലില്‍ എത്തിക്കേണ്ടിവന്നാല്‍ സമാനരീതിയിലെ ജയില്‍ ചാട്ടത്തിനുള്ള സാധ്യത ഇല്ലാതാക്കാനാണ് ചന്ദനം മുറിക്കുന്നത്. ഇയാളുടെ ജയില്‍ചാട്ട സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Related posts