അപൂർവങ്ങളിൽ അപൂർവമായ പറക്കും പാമ്പിനെ കണ്ടെത്തി. ഓർനേറ്റ് ഫ്ളൈയിംഗ് സ്നേക്ക് അല്ലങ്കിൽ ക്രിസ്പീലിയ ഓർനേറ്റ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഹൈദരാബാദിലെ ഗോഷാമഹലിലെ തിരക്കേറിയ സ്ഥലത്തുനിന്നുമാണ് ഇതിനെ കണ്ടെത്തിയത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റിയിലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്. തുടർന്ന് ഇതിനെ സാനിക്പുരി സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ചെറുതായി വിഷമുള്ള ഈ പറക്കും പാന്പിനെ മുൻപ് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഒഡീഷ, ബീഹാർ എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. പാന്പിനെ കണ്ടെത്തിയ സ്ഥലത്തിനു സമീപം ലോറിയിൽ കൊണ്ടുവന്ന നിരവധി തടികൾ കിടന്നിരുന്നതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും തടിക്കൊപ്പം കയറി വന്നതാകാമെന്നാണ് പറയപ്പെടുന്നത്.
ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള മൂന്നിനങ്ങളിൽപെട്ട പറക്കും പാന്പുകളിലൊന്നാണ് ഓർനേറ്റ് ഫ്ളൈയിംഗ് സ്നേക്ക്. ഇവയ്ക്ക് വായുവിലൂടെ കുറച്ച് അകലേക്കു വരെ അനായാസം പറക്കാൻ സാധിക്കും. ശത്രുക്കളിൽ നിന്നും രക്ഷനേടാനാണ് പ്രധാനമായും ഈ തന്ത്രം പാന്പുകൾ പ്രയോഗിക്കുന്നത്. സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റിയ പാന്പിന്റെ സ്വഭവസവിശേഷതയും മറ്റും അറിയാൻ തെലുങ്കാന വനം വകുപ്പിന്റെ അനുമതിയോടെ ഇത്തരം പാന്പുകൾ വസിക്കുന്ന സ്ഥലത്ത് തുറന്നു വിടാനാണ് അധികൃതരുടെ തീരുമാനം.