ഭക്ഷണശാലകൾ ഉപഭോക്താക്കളെ ആകർഷിക്കാൻ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്.
ചിലർ കട വ്യത്യസ്തമായ രീതിയിൽ ഒരുക്കിയായിരിക്കും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്.
ചിലർ വ്യത്യസ്തമായ ഭക്ഷണം തയാറാക്കിയായിരിക്കും. എന്നാൽ തെരുവു കച്ചവടക്കാരാണെങ്കിലോ?
സൗത്ത് മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലെ ശ്രീ ബാലാജി ദോശക്കടയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
‘ഫ്ലൈയിംഗ് ദോശ’ എന്നാണ് ഇവിടുത്തെ ദോശകൾ അറിയപ്പെടുന്നത്. കല്ലിൽ നിന്ന് ദോശ നേരിട്ട് പ്ലേറ്റിലേക്ക് പറത്തിയാണ് വിളമ്പുന്നത്.
‘Street Food Recipes’ എന്ന ഫേസ്ബുക്ക് പേജ് ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനകം 10 കോടിയോളം പേർ വീഡിയോ കണ്ടിട്ടുണ്ട്.
ദോശ മാവ് ഉപയോഗിച്ച് സാധാരണ ദോശക്കല്ലിൽ തന്നെയാണ് ദോശ വിൽപ്പനക്കാരൻ ദോശ ഉണ്ടാക്കുന്നത്.
എന്നാൽ ദോശ ആവശ്യക്കാരുടെ പ്ലേറ്റിലേയ്ക്ക് പറത്തി വിടുന്നതാണ് ഇവിടുത്തെ പ്രത്യേകത.
ചിലർ ദോശക്കാരന്റെ ഈ കഴിവിനെ പ്രശംസിച്ചെങ്കിലും മറ്റ് ചിലർ ഭക്ഷണത്തോട് ‘അനാദരവ്’ കാണിക്കുന്നതായും ഇങ്ങനെ ഭക്ഷണം വിളമ്പുന്നത് ‘അനാവശ്യം’ ആണെന്നും കമന്റ് ചെയ്തിട്ടുണ്ട്.