സ്വയം പറക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ തുടരുകയാണ്. ഹ്യൂമൻ ഫ്ളൈറ്റ് മിഷൻ എന്ന പേരിൽ ദുബായിൽ തുടരുന്ന പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായ ഒരു ഘട്ടം പിന്നിട്ടു. നിലത്ത് നിന്ന് സ്വയം പറന്ന് പൊങ്ങിയ ജെറ്റ്മാൻ, 1800 മീറ്റർ ഉയരത്തിൽ സഞ്ചരിച്ച് തിരിച്ചിറങ്ങി.
ദുബായിലെ സ്കൈഡൈവ് റണ്‍വേയിൽ നിന്നായിരുന്നു ഈ പരീക്ഷണ പറക്കൽ. ജെറ്റ്മാൻ വിൻസ് റെഫറ്റ് നിലത്ത്നിന്ന് വിജയകരമായി പറന്നു പൊങ്ങി.
മുന്‍പ് ഉയരങ്ങളിൽനിന്ന് ചാടിയാണ് ഇത്തരം പറക്കൽ സാധ്യമാക്കിയിരുന്നത്. ഈ ഉദ്യമത്തിൽ മനുഷ്യൻ നിന്ന നിൽപിൽ തന്നെ പറന്നു പൊങ്ങി.
30 സെക്കൻഡ് കൊണ്ട് മണിക്കൂറിൽ ശരാശരി 244 കിലോമീറ്റർ വേഗത്തിൽ 1800 മീറ്റർ ഉയരത്തിൽ ജുമൈറ ബീച്ച റെസിഡൻസ് ഭാഗത്തേക്ക് പറന്നു നീങ്ങി. കറങ്ങിയ ശേഷം പാരച്യൂട്ട് വിടർത്തി സുരക്ഷിതമായി നിലത്തേക്ക് തിരിച്ചിറങ്ങി.
ശരീരത്തിൽ ഘടിപ്പിച്ച ജെറ്റ് വളയ്ക്കാനും തിരിക്കാനും കഴിയുമെന്നത് തെളിയിച്ചാണ് വിൻസ് റെഫറ്റ് പറന്നുയർന്നത്. പറക്കാനുള്ള പരീക്ഷണങ്ങളിൽ വലിയൊരു നേട്ടമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദുബായ് എക്സ്പോ 2020 യുടെ ഭാഗമായാണ് ഹ്യുമൻ ഫ്ളൈറ്റ് മിഷൻ നടപ്പാക്കുന്നത്. ഇന്ത്യക്കാരനായ മുഹമ്മദ് റാഷിദ് ചെന്പൻ കണ്ടി ഉൾപ്പെടെയുള്ള എൻജിനിയർമാർ ഇതിന് പിന്നിലുണ്ട്.