ആലപ്പുഴ: ദീർഘകാലത്തെ നിരന്തര പ്രയത്നങ്ങളുടെ ഫലമായി കേന്ദ്ര സർക്കാർ ആലപ്പുഴ ആകാശവാണിസ്റ്റേഷന് അനുവദിച്ച എഫ്.എം.സ്റ്റേഷനും ഉത്തരേന്ത്യയിലേയ്ക്ക് കടത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടെന്നു കെ.സി.വേണുഗോപാൽ എം.പി..
അടുത്ത മാസം പ്രക്ഷേപണം ആരംഭിക്കാൻ എല്ലാ സജ്ജീകരങ്ങളും പൂർത്തിയായി വരുന്നതിനിടെയാണ് ജില്ലയ്ക്ക് തിരിച്ചടിയായി രാജസ്ഥാനിലെ കോട്പുത് ലിയിലേയ്ക്ക് ഉപകരണങ്ങൾ അടക്കം തിരിച്ചയക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചത്.
ആലപ്പുഴയിലേയ്ക്ക് കൊണ്ടുവന്ന അഞ്ച് കിലോവാട്ടിന്റെ എഫ്എം ട്രാൻസ്മിറ്റർ അടക്കം എല്ലാ ഉപകരണങ്ങളും ഉടൻ രാജസ്ഥാനിലേയ്ക്ക് അയക്കാൻ പ്രസാർഭാരതി എൻജിനിയറിംഗ് വിഭാഗം മേധാവി നവംബർ 20 ന് ഉത്തരവ് ഇറക്കി.
ഈ നടപടി അംഗീകരിക്കാൻ ആവില്ലെന്നും നീക്കത്തിൽ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാർത്ത വിനിമയ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കാർഷിക- തീരപ്രദേശമായ ആലപ്പുഴയിൽ കർഷകരും മത്സ്യ തൊഴിലാളികളും അടക്കമുള്ള വലിയൊരു ജനവിഭാഗത്തിനു പ്രയോജനകരമാകേണ്ട പദ്ധതിയാണ് അനുവദിച്ച ശേഷം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.
ആവശ്യമായ അനുബന്ധ ഉപകരണങ്ങൾ എത്തിച്ച് ഡിസംബറിൽ തന്നെ എഫ്എം പ്രക്ഷേപണം ആലപ്പുഴയിൽ നിന്ന് ആരംഭിക്കണമെന്നും എം.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.