കെ.ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളില്‍ വീണ്ടും കരാര്‍ നിയമനത്തിനു നീക്കം. ദേശീയ ലാബുകളില്‍ നിന്നുള്ള വിദഗ്ധ പരിശീലനമോ പ്രവൃത്തി പരിചയമോ ലഭിക്കാത്ത കരാര്‍ ജീവനക്കാരുടെ സേവനമാണ് കുറ്റാന്വേഷണത്തിനായി ഉപയോഗിക്കാന്‍ വീണ്ടും നീക്കം നടക്കുന്നത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളിലേക്കു കരാറടിസ്ഥാനത്തില്‍ നിയമനം നടത്തിയത്. ആറുമാസത്തേക്കായിരുന്നു നിയമനം.
കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെയാണ് ആറു മാസത്തേക്കു കൂടി കാലാവധി നീട്ടി നല്‍കുന്നത്. എല്ലാ പോലീസ് ജില്ലകളിലുമുള്ള ഫോറന്‍സിക് വിഭാഗത്തിലേക്കായിരുന്നു താത്കാലിക ജീവനക്കാരെ നിയമിച്ചത്.
നിയമനത്തിനു മുമ്പ് ലാബുകളിലെ സേവനത്തിനെന്ന പേരിലായിരുന്നു നിയമനം നടത്തിയത്. എന്നാല്‍ പിന്നീട് സ്ഥിരം ജീവനക്കാരെ ജില്ലാ ആസ്ഥാനത്തു നിന്ന് ഫോറന്‍സിക് ലാബുകളിലേക്ക് മാറ്റി.
ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍, കൊലപാതകം, സൈബര്‍ കേസുകളുമായി ബന്ധപ്പെട്ട ഹൈടെക് കുറ്റകൃത്യങ്ങള്‍, തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ എന്നിവയിലെല്ലാം സംഭവസ്ഥല പരിശോധന നടത്തേണ്ട ചുമതല കരാര്‍ ജീവനക്കാര്‍ക്കായി.
കുറ്റാന്വേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ ഫോറന്‍സിക് സയന്‍സ് ലാബില്‍ മതിയായ പരിശീലനം പോലും നല്‍കാതെ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നത് അന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ശാസ്ത്രീയ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശീലനത്തോടെയായിരുന്നു സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളിലേക്ക് സയന്റിഫിക് വിദഗ്ധരെ നിയമിച്ചിരുന്നത്.
ആറുമാസം അടിസ്ഥാന പരിശീലനവും പിന്നീട് ദേശീയ ലാബുകളില്‍ ആറുമാസം ഉന്നത പരിശീലനവുമായിരുന്നു സയിന്റിഫിക് വിദഗ്ധര്‍ക്ക് നല്‍കിയിരുന്നത്.
പിന്നീട് എഴുത്തുപരീക്ഷയിലുള്പ്പെടെ വിജയിക്കുന്നവരെയാണ് സാധാരണ നിലയില്‍ ഫോറന്‍സിക് ലാബില്‍ നിയോഗിച്ചിരുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള പരിശീലനമൊന്നും ഇപ്പോഴത്തെ കരാര്‍ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. സംസ്ഥാനത്തിപ്പോള്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പത്തു ശതമാനത്തില്‍ താഴെ മാത്രമേ ശിക്ഷ ലഭിക്കുന്നുള്ളൂ.
ഇതിന്റെ പ്രധാന കാരണം അന്വേഷണത്തിലെ പാളിച്ചകളും തെളിവു ശേഖരണത്തിലുള്ള അപാകതയുമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.