രാമപുരം: പാറമട ലോബിക്കെതിരെയുള്ള ജനകീയ സമരത്തിലൂടെ ജനശ്രദ്ധയാകർഷിച്ച കുറിഞ്ഞി കോട്ടമലയിൽ വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം ജീവികളെ കണ്ടെത്തി.
ദേശീയ വന്യജീവി ബോർഡ് മെംബർ ഡോ. പി.എസ്. ഈസയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം നടത്തിയ ഉരഗ ഉഭയ ജീവി കണക്കെടുപ്പിലാണ് പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന പാതാള തവളകൾ ഉൾപ്പെടെ വിവിധയിനം അപൂർവ ജീവികളെ കണ്ടെത്തിയത്. ഇന്ത്യ പണ്ട് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന് ജീവിച്ചിരിക്കുന്ന തെളിവുകൾ ലോക ഉഭയജീവി ഭൂപടത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രധാനിയാണിത്.
ജനലോകത്തെ മഹാബലി എന്നറിപ്പെടുന്ന ഇവ മുഴുവൻ സമയവും മണ്ണിനടിയിലാണ് ജീവിക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രം പുറത്തുവന്ന് പ്രജനത്തിനു ശേഷം മുട്ടവിരിയിച്ച് വീണ്ടും മണ്ണിനടിയിലേക്കു തന്നെ പോകും.
ഇവയുടെ വാൽമാക്രികൾക്ക് കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങളിൽ പോലും പറ്റിപ്പിടിച്ചിരിക്കാനുള്ള കഴിവുണ്ട്. കോട്ടമലയിലെ മുക്തിയാർകാവ് പ്രദേശത്താണ് പാതാള തവളകളെ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന വയനാടൻ മരപ്പല്ലി, ചെറുകാലൻ പാറതവള, നാട്ടുമരപ്പല്ലി, ആനമല ബലൂണ്‍ തവള, പച്ചില തവള എന്നിവയേയും സർവേ ടീം കോട്ടമലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തി.
ഡോ. പി.എസ്. ഈസയ്ക്കൊപ്പം സന്ദീപ് ദാസ്, രാജ്കുമാർ, ഗ്യാനകുമാർ, നിധിൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ജൈവ വൈവിധ്യ ബോർഡ് നടത്തിയ പഠനത്തിലും കോട്ടമലയിൽ ഇന്റർനാഷണൽ യൂണിയൻ ഫോർ നേച്ചർ ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 12ൽ പരം ജീവജാലങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്.