വിദേശസഹായ നിയന്ത്രണ ബിൽ 2020 ലോക്സഭ പാസാക്കിയതോടുകൂടി വിദേശസഹായം സ്വീകരിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിദേശ സഹായം സ്വീകരിച്ചു പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക വ്യാപകമായി.
ഏകദേശം 20,000 സംഘടനകളും സ്ഥാപനങ്ങളും വിദേശസഹായം സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെ പുതിയ നിയന്ത്രണങ്ങൾ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാം.
എസ്ബിഐ ബാങ്ക് അക്കൗണ്ട് നിർബന്ധം
രജിസ്ട്രേഷൻ സമയത്ത് നല്കുന്ന നിർദിഷ്ട ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ വിദേശസഹായം സ്വീകരിക്കാൻ പാടുള്ളൂ എന്നായിരുന്നു നിലവിലുള്ള വ്യവസ്ഥ.
ഇതു ദേശസാത്കൃത ബാങ്കിന്റെയോ മറ്റു ഷെഡ്യൂൾഡ് ബാങ്കുകളുടെയോ ശാഖകളിലാവാം. എന്നാൽ, ഇനി മുതൽ ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ ആരംഭിക്കുന്ന അക്കൗണ്ടിലൂടെ മാത്രമേ വിദേശ സഹായം സ്വീകരിക്കാൻ അനുമതിയുള്ളൂ.
കേന്ദ്ര ഗവൺമെന്റിന്റെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാണ് ഇങ്ങനെ ഒരു നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.
നിലവിലുള്ള നിയമം അനുശാസിക്കുന്ന രീതിയിൽ വിദൂരസ്ഥലങ്ങളിലുള്ള ഉപയോഗത്തിനായി അനുവദിച്ചിരിക്കുന്ന അനുബന്ധ അക്കൗണ്ട് അനുവദനീയമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മറ്റു സ്ഥാപനങ്ങൾക്കുള്ള സഹായം
വിദേശ സഹായം സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതോ താത്കാലിക അനുമതിയുള്ളതോ ആയ മറ്റു സ്ഥാപനങ്ങൾക്ക് സഹായം നല്കുന്നതിന് ഇതുവരെ നിയന്ത്രണങ്ങളില്ലായിരുന്നു.
എന്നാൽ, നിർദിഷ്ട ബിൽ പ്രകാരം ഇത്തരം സംഭാവനകൾക്കു വിലക്കുണ്ട്. ദേശീയ തലത്തിൽ പ്രവർത്തിക്കുകയും ഒരു മുഖ്യ ഓഫീസ് വഴി വിദേശസഹായം സ്വീകരിച്ച് പ്രാദേശിക യൂണിറ്റുകൾ വഴി വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് അതു ചെലവഴിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ഇതു പ്രതിസന്ധിയിലാക്കും.
ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ സംഘടനകളെയും ഇതു പ്രതികൂലമായി ബാധിക്കും.
വിവിധ സ്ഥാപനങ്ങൾക്കു വേണ്ടി വിദേശ സഹായം സ്വീകരിച്ചിട്ടുള്ളവരും എന്നാൽ ചെലവഴിച്ചിട്ടില്ലാത്തവരുമായിട്ടുള്ളവർ സ്വന്തം നിലയിൽ തന്നെ ചെലവഴിക്കാൻ ബാധ്യസ്ഥരുമായിത്തീരുന്നു.
ദേശീയ തലത്തിൽ പ്രവർത്തനം തുടർന്നുവരുന്ന വിവിധ പദ്ധതികൾ നിർത്തിവയ്ക്കേണ്ടതായി വരികയും തന്മൂലം ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിനു തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാവുകയും ചെയ്യും.
അതോടൊപ്പം പദ്ധതിയുടെ ഗുണഫലങ്ങൾ ഗുണഭോക്താക്കൾക്കു നഷ്ടമാവുകയും ചെയ്യുന്നു.
പ്രവർത്തന ചെലവുകൾക്കു പരിധി
നിലവിലുള്ള നിയമപ്രകാരം പ്രവർത്തന ചെലവുകൾ വിദേശ സഹായത്തിന്റെ 50 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. എന്നാൽ, പുതിയ നിയമപ്രകാരം ഇത് 20 ശതമാനത്തിൽ അധികരിക്കാൻ പാടില്ല.
ഇതിലധികമായി ചെലവഴിക്കുന്നതിനു സെൻട്രൽ ഗവൺമെന്റിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പല സംഘടനകൾക്കും യാത്രയിനത്തിലും ശന്പള ഇനത്തിലുമായി ഗണ്യമായ തുക ചെലവഴിക്കേണ്ടതായി വരും.
അതോടൊപ്പം തന്നെ പ്രവർത്തന ചെലവുകളെ വ്യക്തമായി നിർവചിക്കാത്തതു പ്രശ്നങ്ങൾക്കിടയാക്കുകയും വ്യവഹാരങ്ങളിലേക്കു നയിക്കുകയും ചെയ്യാം.
രജിസ്ട്രേഷൻ സസ്പെൻഷൻ
180 ദിവസം വരെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്ത് നിർത്തുന്നതിനാണ് ഇതുവരെ കേന്ദ്ര ഗവൺമെന്റിന് അധികാരമുണ്ടായിരുന്നത്. ഈ കാലയളവിൽ സസ്പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തേണ്ടതും രജിസ്ട്രേഷൻ പുതുക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതുമാണ്.
ഭേദഗതിപ്രകാരം ഈ പരിധി 360 ദിവസമായി ഉയർത്തിയിട്ടുണ്ട്. സസ്പെൻഷൻ പീരിയഡിൽ ബാങ്ക് അക്കൗണ്ട് ഓപ്പറേഷൻ മരവിപ്പിക്കുന്നതുമൂലം സന്നദ്ധസേവന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടതായി വരും. സസ്പെൻഷൻ കാലാവധി ദീർഘിപ്പിക്കുന്നതു കൂടുതൽ പ്രശ്നങ്ങൾക്കു വഴിവയ്ക്കും.
ആധാർ നിർബന്ധം
ഭരണസമിതിയിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് ആധാർ നിർബന്ധമാക്കി. നിലവിലെ നിയമപ്രകാരം ആധാർ ഓപ്ഷണൽ ആയിരുന്നു. വിദേശത്ത് താമസിക്കുന്നവർക്കും വിദേശ പൗരന്മാർക്കും പാസ്പോർട്ട്, ഒസിഐ കാർഡ്, പിഒഐ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധമാണ്.
മറ്റു സംഘടനകളിലെ പ്രാതിനിധ്യവും വിദേശത്തുനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകളെ നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
രജിസ്ട്രേഷൻ സറണ്ടർ
ഏതെങ്കിലും കാരണത്താൽ രജിസ്ട്രേഷൻ തുടരാൻ താത്പര്യമില്ലാത്തവർക്ക് രജിസ്ട്രേഷൻ സറണ്ടർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, 2010 ലെ ഭേദഗതി നിയമപ്രകാരം അഞ്ചു വർഷം കൂടുന്പോൾ രജിസ്ട്രേഷൻ പുതുക്കേണ്ടതായിട്ടുണ്ട്. രജിസ്ട്രേഷൻ സറണ്ടർ ചെയ്യുന്നതിനുപകരം അഞ്ചു വർഷം തികയുന്പോൾ പുതുക്കാതെ ഇരിക്കുകയും ചെയ്യാം.
പുതുക്കലിനു മുന്പേ അന്വേഷണം
രജിസ്ട്രേഷൻ പുതുക്കലിനു മുന്നോടിയായി അന്വേഷണം നടത്തുന്നതിനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. രജിസ്ട്രേഷൻ പുതുക്കുന്നതിനായി അപേക്ഷിക്കുന്നവർ കാലാവധി തീരുന്നതിന് ആറു മാസം മുന്പേ അപേക്ഷിക്കേണ്ടതാണ്.
ഈ ചുരുങ്ങിയ സമയത്തിൽ 20,000 വരുന്ന അപേക്ഷകരെക്കുറിച്ച് ഏതു തരത്തിലുള്ള അന്വേഷണമാണ് സാധ്യമാവുക എന്നത് അവ്യക്തം. ഒരു പുതിയ അപേക്ഷകനെ സംബന്ധിച്ച അന്വേഷണം എപ്രകാരമാണോ, അതു തന്നെയാണ് പുതുക്കലിനും ബാധകം.
പൊതുസേവകർക്കു നിരോധനം
പൊതുസേവകരെ നിർവചിച്ചിരിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമം 21 പ്രകാരമാണ്. പൊതു സേവകർക്ക് വിദേശ സഹായം സ്വീകരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു.
നിലവിൽ സെക്ഷൻ 3 പ്രകാരം ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കും നിശ്ചിത വിഭാഗം ആൾക്കാർക്കും വിലക്ക് ബാധകമാണ്. ഈ പട്ടികയിലേക്ക് പൊതുസേവകരെയും കൂട്ടിച്ചേർക്കുകയാണ് ചെയ്തിരിക്കുന്നത്.
മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ ആതുര സേവനരംഗത്ത് സ്തുത്യർഹമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കും മത, സാമൂഹ്യസ്ഥാപനങ്ങൾക്കും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.
സംശയത്തിന്റെ പേരിലും അന്വേഷണത്തിന്റെ മറവിലും ഗവൺമെന്റിന് ഇത്തരം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഇടപെടലുകൾ നടത്താനും സ്വാതന്ത്ര്യം കിട്ടുന്നു എന്നത് അപകടകരമാണ്.
കെ.കെ. ജോസ്
(ചാർട്ടേഡ് അക്കൗണ്ടന്റ് ആണു ലേഖകൻ)