ഗുരുവായൂര്‍: വിധികര്‍ത്താക്കളെച്ചൊല്ലി തര്‍ക്കം. വേദിയില്‍ കുത്തിയിരുന്നു മത്സരാര്‍ഥികളുടെ പ്രതിഷേധം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും പോലീസും നേരിട്ട് ഇടപെട്ടതിനെതുടര്‍ന്ന് വേദിയില്‍ മത്സരം പൂര്‍ത്തിയാക്കി. പരാതികള്‍ക്കു പൂര്‍ണ പരിഹാരമാകാത്തതിനെ തുടര്‍ന്ന് കോടതിയില്‍ കാണാമെന്ന മറുപടിയുമായി രക്ഷിതാക്കളുടെയും മത്സരാര്ഥികളുടെയും മടങ്ങിപ്പോക്ക്.
ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്ത മത്സര ഫലത്തച്ചൊല്ലിയായിരുന്നു ബഹളം. പതിനഞ്ചോളം മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ഇതില്‍ നാലുപേരാണ് മത്സരശേഷം വേദിക്കു മുന്നില്‍ കുത്തിയിരുന്നത്. കളിവട്ടങ്ങള് തെറ്റിച്ച കുട്ടിക്കാണ് സമ്മാനം നല്‍കിയതെന്നു ഇവര്‍ പറയുന്നുണ്ടായിരുന്നു. വീഡിയോ റിക്കാര്‍ഡിംഗ് നോക്കി വിധി പുനര്‍നിര്‍ണയം നടത്തണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു.
ഇതിനിടെ രക്ഷിതാക്കളും മറ്റുള്ളവരും വിധികര്‍ത്താക്കളുമായി വാക്കുതര്‍ക്കമായി. ഒടുവില്‍ പോലീസെത്തി ഡിഡിഇയുടെ അടുത്തേക്കു കുട്ടികളെ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ നിയമാനുസൃതമായ എല്ലാം ചെയ്യാമെന്ന ഉറപ്പും അധികൃതര്‍ കുട്ടികള്‍ക്കു നല്കി.
നാടോടിനൃത്ത മത്സരത്തിന് ഇന്നലെ കാണികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെയുണ്ടായ മത്സരാര്‍ഥികളുടെ കുത്തിയിരുപ്പുസമരം മേളയിലെ കല്ലുകടിയുമായി.