ഭുവനേശ്വർ: ഭീതിവിതച്ച് ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ഫോനി ഇപ്പോൾ ഒഡീഷയിൽനിന്നും 65 കിലോമീറ്റർ അകലെവരെ എത്തിയതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഒഡീഷ, ആന്ധ്ര തീരങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്.
മണിക്കൂറില്‍ 200 കിമീ വരെ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന ഫോനി ഒഡീഷയിലെ 11 ജില്ലകളില്‍ കനത്തനാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. പതിനായിരം ഗ്രാമങ്ങളും 52 പട്ടണങ്ങളും ഫോനിയുടെ പ്രഹരപരിധിയിലാണ്. 11.5 ലക്ഷം ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. കോല്‍ക്കത്ത വിമാനത്താവളം വെള്ളിയാഴ്ച രാത്രി 9.30 മുതല്‍ ശനിയാഴ്ച വൈകിട്ട് ആറുവരെ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. ഒഡീഷയിലൂടെയുള്ള 223 ട്രെയിനുകൾ റദ്ദാക്കി.