സീമ മോഹന്‍ലാല്‍
കൊച്ചി: “ദൈവമാണ് അന്നമായി ഞങ്ങളുടെ മുന്നിലെത്തിയത്. കൊറോണയുള്ള വീട്ടിലേക്ക് വരാൻ ആരും തയാറല്ലായിരുന്നു.
തനിയെ ഭക്ഷണം ഉണ്ടാക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. എന്റെ മകന് കൊറോണ വന്ന അന്നുമുതല്‍ രണ്ടുനേരവും മുടക്കമില്ലാതെ ഭക്ഷണം കിട്ടി ‘ –
രാമേശ്വരം ബീച്ച് റോഡിൽ താമസിക്കുന്ന മേരി എന്ന 70കാരി ഇതുപറയുമ്പോള്‍ കണ്ണുകളിൽ നന്ദിയുടെ തിളക്കം.
നഗരത്തിലെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കുമായി കോർപറേഷൻ നടത്തിവരുന്ന സൗജന്യ ഭക്ഷണവിതരണം ഏപ്രില്‍ 23നാണ് ആരംഭിച്ചത്.
ഇതുവരെ രണ്ടു നേരങ്ങളിലായി ഒന്നരലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഒരു ദിവസം 5,000ലധികം ഭക്ഷണപ്പൊതികള്‍. എറണാകുളം കരയോഗവും എറണാകുളം നന്മ ഫൗണ്ടേഷനും ഒപ്പംനിന്നു. ടിഡിഎം ഹാളിലാണ് അടുക്കള.
കരയോഗത്തിന്റെ പാചകത്തൊഴിലാളികളാണ് ഭക്ഷണം ഉണ്ടാക്കുന്നത്. കൗണ്‍സിലര്‍മാരും നഗരത്തിലെ ചുമട്ടുതൊഴിലാളികളും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളും നന്മ ഫൗണ്ടേഷന് ഭാരവാഹികളും കോർപറേഷൻ ജീവനക്കാരുമാണ് ഭക്ഷണവിതരണത്തിനുള്ളത്.
ഉച്ചഭക്ഷണത്തിന് ചോറ്, സാമ്പാര്‍, മെഴുക്കുപുരട്ടി അല്ലെങ്കില്‍ തോരന്‍, അച്ചാര്‍ എന്നിവയുണ്ടാകും. ഇത് ഒരുമണിക്കു മുമ്പ് വിതരണം ചെയ്യും.
രാത്രി ഭക്ഷണത്തിനായി ചപ്പാത്തിയും മസാലക്കറിയും അല്ലെങ്കില്‍ വെജ് പുലാവും. വൈകുന്നേരം ആറിനു മുമ്പായി രാത്രി ഭക്ഷണവും എത്തിക്കും.
വീട്ടില്‍ ഭക്ഷണം വച്ചുകഴിക്കാന്‍ സാധിക്കുന്ന രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭക്ഷണകിറ്റും കോർപറേഷൻ വിതരണം ചെയ്യുന്നുണ്ട്.
വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംഭാവനകൊണ്ടാണ് ഇത് നടക്കുന്നതെന്നു മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
സ്വന്തം വീട്ടുവളപ്പിലും കൃഷിയിടങ്ങളിലുമുള്ള പച്ചക്കറികളും നാളികേരവും പലവ്യഞ്ജനവുമൊക്കെ പലരും ടിഡിഎം ഹാളില്‍ ഏല്‍പ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.