സ്വന്തംലേഖകൻ
കോഴിക്കോട്: ഏതെങ്കിലും നിത്യോപയോഗസാധനങ്ങൾക്ക് വിലകൂടിയാൽ ഉടനെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ കീശയും കാലിയാകും.ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് വില അടിക്കടി കൂടുന്പോൾ ധാന്യങ്ങളുടെ വില പൊതുമാർക്കറ്റിൽ കുറഞ്ഞുവരികയാണ്. എന്നിട്ടും ഹോട്ടലുകളിൽ വിലക്കുറവില്ല. ഒരു കിലോ കടലയ്ക്ക് 130 രൂപ ഉണ്ടായിരുന്നത് നൂറ് രൂപയായി. ചെറുപയറിന് 110ൽ നിന്ന് 80 രൂപയായി കുറഞ്ഞു. പരിപ്പ് 140ൽ നിന്ന് 90ലേക്ക് എത്തി. എന്നാൽ ഇവ കൊണ്ടുണ്ടാക്കുന്ന കറികൾ തീൻമേശയിൽ എത്തുന്പോൾ കൈപൊള്ളും.
മിക്ക ഹോട്ടലുകളിലേക്കും ഗുണ നിലവാരം കുറഞ്ഞ സാധനങ്ങളാണ് വാങ്ങുന്നത്. ഇതുവഴി ലാഭം പിന്നെയും കൂടും. 30 രൂപമുതൽ മേലോട്ടാണ് മിക്ക വെജിറ്റബിൾ കറികളുടെയുംവില. വിലയുടെ കാര്യത്തിൽ ഏകീകരണമില്ലെന്നു മാത്രമല്ല, വിലകൂട്ടാൻ പ്രത്യേകിച്ച് മാനദണ്ഡം ഇല്ലതാനും. ചെറുപയർ, കടല, ഗ്രീൻപീസ്, പരിപ്പ് തുടങ്ങിയ ധാന്യങ്ങൾക്ക് കുറച്ച് മാസങ്ങളായി മാർക്കറ്റിൽ വില കുറയുന്നുണ്ട്. തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറിവിലയും കുറഞ്ഞിട്ടുണ്ട്. മാർച്ച് മാസം വരെ സമാനമായ അവസ്ഥയായിരിക്കുമെന്നാണ് വിപണിയിൽനിന്നും അറിയുന്നത്.
നോട്ട് നിരോധനം മൂലം ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള പൂഴ്ത്തിവയ്പ് ഒരു പരിധിവരെ കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. മിക്ക ഭക്ഷണശാലകളിലും വിലവിവര പട്ടികയിൽ കറികളുടെ വില ചേർക്കാറില്ല. സാധനങ്ങളുടെ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് വർധിപ്പിക്കാനാണിത്. എന്നാൽ കൂട്ടിയവില അതുപോലെതന്നെ നിലനിൽക്കുകയും ചെയ്യുന്നു. സാധനങ്ങളുടെ വിലയേക്കാൾ ഹോട്ടൽ നടത്തിക്കൊണ്ടുപോകാനുള്ള മറ്റു ചിലവുകൾ ഉള്ളതുകൊണ്ടാണ് വില കുറയ്ക്കാൻ കഴിയാത്തതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റഫീഖ് പറഞ്ഞു.
ഹോട്ടലിൽ ജോലിചെയ്യുന്നവരുടെ വേതനമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മിക്കയിടത്തും അന്യദേശക്കാരാണ് ജോലി ചെയ്യുന്നതെന്നിരിക്കേ ഇവർക്ക് അടിക്കടി വേതനം വർധിപ്പിക്കുന്ന പതിവ് ഒരു ഹോട്ടലിലും ഇല്ലെന്നത് യാഥാർഥ്യമാണ്. ഇവർ വേതനം കൂട്ടിചോദിച്ച് മറ്റ് ഹോട്ടലുകളിലേക്ക് പോകാതിരിക്കാൻ ബന്ധപ്പെട്ട് അസോസിയേഷനിൽപ്പെട്ടവർ ധാരണയിലാണുതാനും.