
ചെന്നൈ: ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനു ശേഷം മുങ്ങാൻ ശ്രമിച്ച ബിജെപി പ്രവർത്തകർ പിടിയിൽ. ചെന്നൈ റായപേട്ടയിലെ സൈയിദ് അബൂബക്കർ ഹോട്ടലിൽ ബുധനാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. ട്രിപ്ലിക്കേൻ സ്വദേശികളായ പുരുഷോത്തമൻ, ഭാസ്കർ എന്നിവരാണ് പിടിയിലായത്.
മുഹമ്മദ് അബൂബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ കഴിഞ്ഞദിവസം രാത്രി ഏറെ വൈകിയാണ് ഇവർ എത്തിയത്. മദ്യപിച്ചിരുന്ന സംഘം ചിക്കൻ ഫ്രൈഡ് റൈസ് നൽകാൻ ആവശ്യപ്പെട്ടു.
കട അടയ്ക്കുകയാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഇവർ അതു സമ്മതിക്കാതെ ബിജെപി പ്രവർത്തകരാണെന്ന് പറഞ്ഞ് നിർബന്ധിച്ച് ഭക്ഷണം പാകം ചെയ്യിച്ചു.
ഭക്ഷണം കഴിച്ചതിന് ശേഷം മടങ്ങാനൊരുങ്ങിയ ഇവരെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു. ഇതോടെ ഇവർ ഭീഷണി തുടങ്ങി. തങ്ങള്‍ ബിജെപി നേതാക്കളാണെന്നും വലിയ സ്വാധീനമുണ്ടെന്നും കട പൂട്ടിക്കുമെന്നും ഇവർ ഭീഷണിമുഴക്കി. വർഗീയ കലാപമുണ്ടാക്കുമെന്നും ഹോട്ടൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പ്രതികൾ പറഞ്ഞു.
അവസാനം ഹോട്ടലുടമ പോലീസിനെ വിളിച്ചു വരുത്തി. പോലീസിനു നേരെയും ഇവർ കയർത്തു. അമിത് ഷായുടെ ഓഫീസിനെ അറിയിക്കുമെന്നും പോലീസുകാരുടെ ജോലി കളയുമെന്നുമായിരുന്നു ഭീഷണി. എന്നാൽ പോലീസ് കുലുങ്ങാതായതോടെ മൂന്ന് യുവാക്കളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഇവരിൽ രണ്ടു പേരെ പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. എന്നാൽ സംഭവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നിലപാട്.