ഭക്ഷ്യശൃംഖലയാണ് പ്രകൃതിയെ നിലനിര്‍ത്തുന്നതെന്നു പറയാം. അപ്പോള്‍ ഭക്ഷ്യശൃംഖലയുടെ നേര്‍ക്കാഴ്ച കാമറയില്‍ പകര്‍ത്താന്‍ അവസരമുണ്ടാകുന്നതിനെ മഹാഭാഗ്യം എന്നല്ലാതെ എന്തു വിശേഷിപ്പിക്കാന്‍. കെവിന് എബി എന്ന ഫൊട്ടോഗ്രാഫര്‍ സാന്‍ ജുവാന്‍ ദ്വീപില്‍ നിന്നു പകര്‍ത്തിയ ചിത്രത്തിലാണ് പ്രകൃതിയിലെ ഈ ഭക്ഷ്യശൃംഖല പതിഞ്ഞത്. സസ്യാഹാരിയായ മുയലും, മുയലിനെ ഭക്ഷിക്കുന്ന കുറുക്കനും കുറുക്കനെയും മുയലിനെയും ഭക്ഷണമാക്കാനെത്തിയ പരുന്തും അടങ്ങുന്ന സമ്പൂര്‍ണ ഭക്ഷ്യശൃംഗലയാണ് എബിയുടെ കാമറയില്‍ പതിഞ്ഞത്.
സാന്‍ ജുവാനിലെ ചുവന്ന കുറുക്കന്മാര് അവയുടെ രൂപഭംഗി കൊണ്ടും അതിജീവനത്തിനു വേണ്ടിയുള്ള കടുത്ത പോരാട്ടത്തിന്റെ പേരിലും പ്രശസ്തരാണ്. ഈ ചുവന്ന കുറുക്കന്മാരുടെ ജീവിതം കാമറയില്‍ പകര്‍ത്താനാണ് കെവിന് ദ്വീപിലെത്തിയത്. ഇതിനിടയിലാണ് അപൂര്‍വ നിമിഷങ്ങള്‍ കെവിന് വീണുകിട്ടിയത്. കിറ്റ്സ് എന്നറിയപ്പെടുന്ന ചെറിയ ചുവന്ന കുറുക്കന്മാരിലൊരെണ്ണം പുല്മേട്ടില് ഇരതേടുകയായിരുന്നു. ഒടുവില്‍ ചാരനിരത്തിലുള്ള ഒരു മുയലിനെ കിട്ടുകയും ചെയ്തു. തന്റെ ഭക്ഷണവുമായി കുറുക്കന് പോകുന്നതിനിടെയിലാണ് അപ്രതീക്ഷിതമായി പരുന്തിന്റെ രംഗപ്രവേശം. പരുന്ത് തേടിയതും തന്റെ ഇരയെത്തന്നെയാണ്.
ബാള്‍ഡ് ഈഗിള്‍ എന്ന വിഭാഗത്തില്‍ പെട്ട ഈ കൂറ്റന്‍ പരുന്തിന്റെ കണ്ണില്പെട്ടതാവട്ടെ കുറുക്കന്റെ വായിലുള്ള മുയലും. പരുന്ത് താഴ്ന്നു പറക്കുന്നതു കണ്ടപ്പള്‍ അപകടം മനസ്സിലാക്കിയ കുറുക്കന് വേഗത കൂട്ടിയെങ്കിലും പരുന്തിന്റെ മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. കുറുക്കന്റെ വായിലിരുന്ന മുയലില്‍ പരുന്തിന്റെ കാലുകള്‍ക്ക് പിടുത്തം കിട്ടി. എന്നാല്‍ തന്റെ ഇരയുടെ മേലുള്ള പിടി അത്രവേഗത്തില്‍ വിടാന്‍ കുറുക്കനും തയാറായിരുന്നില്ല. ഇതോടെ കുറുക്കനെയും മുയലിനെയും കാലില്‍ കൊരുത്തെടുത്ത് പരുന്ത് പറന്നു.
ഏതാണ്ട് 20 അടി ഉയരത്തില്‍ വരെ പരുന്ത് കുറുക്കനെയും മുയലിനെയും കൊണ്ട് പറന്നുയര്‍ന്നു. തുടര്‍ന്ന് ഏതാണ്ട് അന്‍പത് മീറ്ററെങ്കിലും ഈ പരുന്ത് പറന്നു പോവുകയും ചെയ്തു. എന്നാല്‍ പരുന്ത് പ്രതീക്ഷിച്ചത് പോലെ കുറുക്കന് മുയലിന്റെ മേലുള്ള പിടിവിട്ടില്ല. കുട്ടിക്കുറുക്കനായതിനാല് ഭയന്ന് ഇരയുടെ മേലുള്ള പിടിവിടും എന്നാണ് പരുന്ത് കരുതിയതെന്ന് കെവിന് വിശദീകരിച്ചു.
ഏതായാലും ഒടുവില്‍ പരുന്തിന് തന്നെ തോല്‍വി സമ്മതിക്കേണ്ടി വന്നു. പരുന്ത് മുയിലിന്റെ മേലുള്ള പിടി വിട്ടതോടെ കുറുക്കനും മുയലും കൂടി താഴേക്കു പതിച്ചു. വേട്ടയാടിയ ഇരയേയും കൊണ്ട് വൈകാതെ കുറുക്കന് സ്ഥലം കാലിയാക്കുകയും ചെയ്തു. കെവിന് അത്യപൂര്‍വ രംഗത്തിന്റെ ചിത്രങ്ങളെടുത്തപ്പോള്‍ മറ്റൊരു ഫോട്ടോഗ്രാഫറായ സക്കറി ഹാര്‍ട്ടെ ഈ അസുലഭ നിമിഷം കാമറയില്‍ പകര്‍ത്തി. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.