കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഭക്ഷ്യ വിൽപനകേന്ദ്രങ്ങളിൽ പരിശോധനകളില്ല, സുരക്ഷാ വിഭാഗങ്ങൾ നോക്കുകുത്തിയാകുന്നു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വിലകൊടുക്കാതെ നാലുചുമരുകൾക്കിടയിൽ ജോലി സമയം തള്ളിനീക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്.
. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓഫീസും പൊതു വിതരണവകുപ്പിന്റെയും ഓഫീസുകളും താലൂക്ക് ആശുപത്രയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും, അളവു തൂക്ക വിഭാഗവും കൊട്ടാരക്കര ടൗണിൽ തന്നെയുണ്ട്.
എന്നാൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഈ വകുപ്പുകൾ തയാറാക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയർന്നുവരുന്നത്. ടൗണിലെ കടകളിലേയും ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളിലേയും ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരിശോധനകൾഒന്നും കൊട്ടാരക്കരയിൽ നടക്കാറില്ല.
ഉത്സവ സീസണിലെങ്കിലും പ്രഹസനമായി നടത്തി വരുന്ന പരിശോധനകളും കഴിഞ്ഞ ആറു മാസക്കാലമായി കൊട്ടാരക്കരയിൽ ഉണ്ടായിട്ടില്ല. പരസ്പരം ഏകോപിപ്പിച്ച് മുന്നോട്ടു പോകേണ്ട സുരക്ഷാവകുപ്പു ഉദ്യോഗസ്ഥർ തമ്മിൽ മുഖപരിചയം പോലുമില്ലെന്നാണ് ശ്രുതി പരക്കുന്നത്.
ഉത്സവകാലയളവിൽ മാത്രമാണ് പേരിനെങ്കിലും ടൗണിൽ പരിശോധന നടന്നു വന്നിരുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദേശ പ്രകാരമോ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലോ ആയിരിക്കും പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞ ഓണത്തിന് മുന്നോടിയായി നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചുരുക്കം ചില ഹോട്ടലുകളിൽ കയറി പഴയ ആഹാരസാധനങ്ങൾ പിടിച്ചതൊഴിച്ചാൽ അടുത്തകാലത്തൊന്നും മറ്റു പരിശോധനകൾ ഉണ്ടായിട്ടില്ല. നഗരസഭ കാര്യാലയത്തിനു സമീപമുള്ള ഭക്ഷണ വിൽപനശാല വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവൃത്തിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ കണ്ടെത്തി സീൽ ചെയ്തിരുന്നു.
രണ്ടു ദിവസത്തിനുള്ളിൽ പൊടിതട്ടി ഈ ഭക്ഷണ വിൽപനശാല തുറന്നു പ്രവർത്തിച്ച സംഭവം കൊട്ടാരക്കരയിലുണ്ടായിട്ടുണ്ട്. നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന കൊട്ടാരക്കരയിലെ കെഎസ്ആർടിസി സ്വകാര്യ ബസ് സ്റ്റാൻഡുകളിലെ ഭക്ഷണ വിൽപനശാലകളിലൊന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് സമയം ലഭിക്കുന്നില്ലെന്നാണ് പൊതുവേയുള്ള സംസാരം.
ഒരു വർഷം മുന്പ് കൊട്ടാരക്കര ചന്തമുക്കിലെ കടയിൽ നിന്നും വാങ്ങിയ വടയിൽ ചത്ത അട്ടയെ കണ്ട സംഭവം വിവാദമായിരുന്നു. മാധ്യമങ്ങളിലൂടെ ഈ വാർത്തയറിഞ്ഞ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭക്ഷണ ഉല്പാദനയൂണിറ്റിൽ പരിശോധന നടത്താൻ എത്തിയെങ്കിലും തമിഴ്നാട് സ്വദേശിയായ നടത്തിപ്പുകാരൻ സ്ഥലം വിട്ടിരുന്നു.
രണ്ടു വർഷം മുന്പ് കൊട്ടാരക്കര ടൗണിലെ ഹോട്ടലുകളിൽ ഉത്സവ സീസണുകളോടനബന്ധിച്ച് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന അടുക്കളയും, പഴകിയ ആഹാരപദാർഥങ്ങൾ വിൽപനയ്ക്ക് വച്ചതും കണ്ടെത്തിയിരുന്നു. കട താൽക്കാലികമായി അടയ്ക്കാൻ നോട്ടീസ് നൽകുന്നതിനിടയിൽ എത്തിയ ഫോണ്കോൾ പിഴയായി മാറ്റിതീർത്ത സംഭവും ഉണ്ടായിട്ടുണ്ട്. ടൗണിലെ ഭക്ഷണപദാർഥങ്ങൾ വിൽക്കുന്നതും, വിൽപനയ്ക്ക് വച്ചിരിക്കുന്നതുമായ കടകളുടെ കൃത്യം കണക്കുകൾ ഒന്നും ആരോഗ്യ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമില്ല.
രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളുടെ കണക്കുകളോ ഈ ഉദ്യോഗസ്ഥർക്ക് അറിയില്ല. പൊതുനിരത്തുകൾ കൈയേറി ചായക്കടകളും ഉദ്യോഗസ്ഥർ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്. വിലവർധനവും ശുചിത്വമില്ലായ്മയും മിക്ക ഹോട്ടലുകളിലും നിലനിൽക്കുന്നു. ശബരിമല മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങൾ ആയിട്ടും ടൗണിലെ കടകളിലൊന്നും പരിശോധന നടന്നിട്ടില്ല.
തിരുവനന്തപുരം വഴിയും തമിഴ്നാട് വഴിയും കൊല്ലം വഴിയുംമെത്തുന്ന നൂറുകണക്കിന് അയ്യപ്പഭക്തൻമാരുടെ ഇടത്താവള കേന്ദ്രം കൂടിയാണ് കൊട്ടാരക്കര. നിരവധി സസ്യാഹാര ഭക്ഷണശാലകൾ കൊട്ടാരക്കരയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലാവാരത്തെക്കുറിച്ചും പൊരുത്തകേടുകൾ ഉണ്ട്. ഒരേ ഭക്ഷണപദാർഥങ്ങൾക്ക് രണ്ടുതരം വിലയാണ് പല ഹോട്ടലുകളിലും ഈടാക്കി വരുന്നത്.
ആഹാരം പാചകം ചെയ്യുന്ന വെള്ളവും, എണ്ണയും മറ്റു സാധനങ്ങളെല്ലാം മായം ചേർന്നതും മാലിന്യം കലർന്നതുമാണെന്ന ആരോപണം നിലനിൽക്കുന്നു. ഇതേ കാലയളവിൽതന്നെ ബക്രീദ്, ക്രിസ്മസ് വ്യാപാരത്തിനായി ബേക്കറികളും ഹോട്ടലുകളും ഒരുങ്ങികഴിഞ്ഞിട്ടുണ്ട്. ഇവിടെങ്ങളിലൊന്നും ഭക്ഷ്യസുരക്ഷാ പരിശോധനകൾ ഉണ്ടായിട്ടില്ല. കേക്കിന്റെ നിർമാണത്തിൽപോലും കൃത്രിമ വസ്തുക്കൾ ചേർക്കുകയും മായം കലർത്തുകയും ചെയ്യുന്നതായി ആരോപണം ഉണ്ട്.
മിക്ക സ്ഥാപനങ്ങളും വൻവിലയും ഈടാക്കി വരുന്നു. താലൂക്കാശുപത്രിയോടനുബന്ധിച്ചുംനഗരസഭയോടനുബന്ധിച്ചും ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ ജോലി ചെയ്തുവരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൊട്ടാരക്കരയിൽ താലൂക്ക് തല ഓഫീസും പ്രവർത്തിച്ചുവരുന്നു.
കൂടാതെ സിവിൽസപ്ലൈസ് അളവുതൂക്ക വിഭാഗം എന്നിവയും കൊട്ടാരക്കരയിലുണ്ട്. എന്നാൽ ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കായി സർക്കാർ വകുപ്പുകളുടെ സാന്നിധ്യം ഉണ്ടാകുന്നില്ല. ഉത്സവ സീസണുകളിൽ ഇവരെ കൂട്ടിയോജിപ്പിച്ച് രംഗത്തിറങ്ങേണ്ടുന്ന റവന്യൂ വിഭാഗവും കടമ നിർവഹിക്കുന്നില്ല. ജനങ്ങളുടെ ആരോഗ്യത്തിന് പുല്ല് വിലയാണ് ഈ സർക്കാർ ഉദ്യോഗസ്ഥർ കൽപിക്കുന്നത്.