ഗാന്ധിനഗർ: മഞ്ഞപ്പിത്തം വ്യാപകമായതോടെ ആരോഗ്യ വകുപ്പ് ഹോട്ടൽ പരിശോധന ശക്തമാക്കി. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്നലെ പരിശോധന നടത്തി. മഞ്ഞപ്പിത്തം വ്യാപകമായതോടെ ഹോട്ടൽ നടത്തിപ്പുകാർക്ക് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
ഹോട്ടലുകളിൽ നൽകുന്ന ഭക്ഷണവും കുടിവെള്ളവും പരിശോധിച്ചു. പരിശോധനയിൽ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് കവലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ ഭക്ഷണം കഴിച്ചതിനെ തുടർന്ന് നാലു പേർക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഹോട്ടലിലേക്ക് മാർച്ച് നടത്തിയിരുന്നു.
തുടർന്ന് ഹോട്ടൽ ഒരു ദിവസത്തേയ്ക്ക് അടച്ചെങ്കിലും ഇന്നലെ വീണ്ടും തുറന്നു. ഭക്ഷ്യവിഷബാധയുടെ പേരിൽ ഹോട്ടലിനെതിരെ വ്യക്തികളോ സംഘടനകളോ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്്ടർ പറഞ്ഞു.