ജോണ്സണ് വേങ്ങത്തടം
മൂവാറ്റുപുഴ: ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ നിയമം കർശനമായി നടപ്പിലാക്കുന്നതിനു ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്റലിജൻസ് വിഭാഗം ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി സ്പെഷൽ ഇന്റലിജൻസ് സ്ക്വാഡ് രൂപീകരിച്ചു പരിശോധന കർശനമാക്കാൻ തീരുമാനിച്ചു.
ഭക്ഷ്യസുരക്ഷവിംഗിനെ മൂന്നു മേഖലകളിലായി തിരിച്ചു മൂന്നു സ്പെഷൽ ഇന്റലിജൻസ് സ്ക്വാഡിന്റെ നിയന്ത്രണത്തിലായിരിക്കും പരിശോധന നടക്കുന്നത്. ഇവർ ഭക്ഷ്യസുരക്ഷ കമ്മീഷണർക്കുനേരിട്ടു റിപ്പോർട്ട് ചെയ്യും. രൂപീകരിച്ചിട്ടുള്ള സ്പെഷൽ ഇന്റലിജൻസ് സ്ക്വാഡുകൾ അന്വേഷണങ്ങൾ നടത്തുകയും വിവരങ്ങൾ ശേഖരിച്ചു റിപ്പോർട്ടു സമർപ്പിക്കും.
പോലീസിന്റെയും റവന്യു വകുപ്പിന്റെയും ഇന്റലിജൻസ് വിഭാഗം പ്രവർത്തിക്കുന്നതു പോലെ സ്പെഷൽഇന്റലിജൻസ് വിഭാഗം പ്രവർത്തിക്കും. ഇതു സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ നിയമം കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ പ്രാപ്തരാക്കുമെന്നു ഭക്ഷ്യസുരക്ഷ വിഭാഗം ജോയിന്റ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) എ.കെ. മിനി രാഷ്ട്ര ദീപികയോടു പറഞ്ഞു.
സ്പെഷൽ ഇന്റലിജൻസ് നേരിട്ടും ജില്ലാതലത്തിലുള്ള സ്ക്വാഡുകളുടെ സഹായത്തോടെയും പരിശോധന നടത്തും. മറ്റുള്ള സ്ക്വാഡുകളിൽ നിന്നു വേറിട്ടുനിൽക്കുന്ന ടീം നിലവിലുള്ള പരാതികളിൽ മേൽ കർശനമായ നിലപാട് സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്ന പച്ചക്കറികളും പഴവർഗങ്ങളും പരിശോധന നടത്താൻ ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ സൗകര്യമില്ല. അതിനാൽ ഇതു വഴി വ്യാപകമായി മായം കലർന്ന ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്കെത്തുന്നുണ്ട്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിനോ കടകളിൽ വേണ്ടത്ര പരിശോധനകൾ നടത്താനോ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന ും ആക്ഷേപം ശക്തമായിരുന്നു.
മായം കലർന്ന ഭക്ഷ്യവസ്തുകൾ വ്യാപകമായിതിനെ തുടർന്നാണ് സ്പെഷൽഇന്റലിജൻസിനെ ശക്തിപ്പെടുത്തി പരിശോധന കർശനമാക്കാൻ കമ്മീഷണർ എം.ജി.രാജമാണിക്യം തീരുമാനിച്ചത്. അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വരുന്ന പാലിൽ പോലും മായം കലർന്നതാണെന്നു ഭക്ഷ്യസുരക്ഷ ഗുണനിലവാര അഥോറിറ്റി കണ്ടെത്തിയതാണ്.
ഭക്ഷ്യവസ്തുക്കൾക്കു ശാസ്ത്രീയമായ ഗുണനിലവാര മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും ഭക്ഷ്യോത്പാദന ,ശേഖരണ, വിതരണ വില്പന വ്യവസായങ്ങളെ നിയന്ത്രിച്ച് സുരക്ഷിതമായ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റിയുടെ ലക്ഷ്യം. ഈ ലക്ഷ്യം സാധ്യമാക്കുന്നതിനു കർശന നീക്കം നടത്തുകയാണ് ഭക്ഷ്യസുരക്ഷ സ്പെഷൽ ഇന്റലിജൻസിന്റെ ദൗത്യം.