നെന്മാറ: അയിലൂരിലെ ഹോട്ടലുകളിൽനിന്നും വീണ്ടും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഒലിപ്പാറ, അടിപ്പെരണ്ട, പാലമുക്ക്, അയിലൂർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, സ്റ്റേഷനി കടകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
ഒലിപ്പാറ നസീമ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങളും മാംസവും മത്സ്യവും കണ്ടെടുത്ത് നശിപ്പിച്ചു. പല കടകളിലും നിലവാരം കുറഞ്ഞ നിരോധിത കളർ ചേർത്ത ചായപ്പൊടി ഉപയോഗിക്കുന്നതായി കണ്ടെത്തി. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും ചെയ്ത സ്ഥാപനങ്ങൾക്ക് പിഴചുമത്തി.
പുകയില നിരോധിത ബോർഡ് പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരേയും കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കി. പൊതുസ്ഥലത്ത് പുകവലിച്ചവർക്കെതിരേയും പിഴ ചുമത്തി. വിവിധ സ്ഥാപനങ്ങളിൽനിന്നായി കോഡ്പ ആക്ട് ഇനത്തിൽ 3800 രൂപയും മറ്റിനങ്ങളിൽനിന്നായി 10,100 രൂപയും ഈടാക്കി.
പരിശോധനയ്ക്ക് അയിലൂർ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിസിമോൻ തോമസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.നവാസ്, സുമാജോണ്, പ്രജിത്ത് വി.നാഥ് എന്നിവർ നേതൃത്വം നല്കി.