മുക്കം: മുക്കം നഗരസഭയിലെ മണാശേരിയിൽ പ്രവർത്തിക്കുന്ന കഐംസിടി നഴ്സിംഗ് കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടത്തിയതോടെ വിദ്യാർഥികൾ സമര രംഗത്തിറങ്ങുകയായിരുന്നു.
ഞായറാഴ്ച രാത്രി ഹോസ്റ്റൽ കാന്റീനിൽ നിന് ലഭിച്ച ഭക്ഷണത്തിലാണ് ചത്ത പുഴുവിനെ കണ്ടത്തിയത്. ഇതിന് പുറമെ ഇന്നലെ വിദ്യാർഥികൾക്ക് കുടിക്കാൻനൽകിയ വെള്ളം കലക്കവെള്ളമായിരുന്നന്നും വിദ്യാർഥികൾ പറഞ്ഞു.
നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലന്നും വിദ്യാർത്ഥികൾ പറയുന്നു. കുടിക്കാൻ നൽകിയ വെള്ളവും മുന്നിൽവച്ച് വിദ്യാർഥികൾ നഴ്സിംഗ് കോളജിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു. വിദ്യാർഥികൾക്ക് പിന്തുണയുമായി എസ്എഫ്ഐ പ്രവർത്തകരും നഴ്സിംഗ് കോളജിലെത്തി.
വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ മാനേജ്മെന്റ് അടിയന്തിരമായി ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 10 ദിവസം കോളജ് അടച്ചു പൂട്ടിയതായി വിദ്യാർഥി സംഘടന നേതാക്കൾ പറഞ്ഞു.