ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഇന്ന് രാജ്യത്തിന്റെ എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണ്. ഒരല്‍പം വൈകിയാല്‍ ഡെലിവറി ഏജന്റുമാരോട് കയര്‍ക്കുന്നവരും നമ്മുടെ ഇടയിലൂണ്ട്. അവരുടെ ഭാഗം ചിന്തിക്കാനോ വൈകിയതിന്റെ കാരണം തേടാനോ പോലും പലപ്പോഴും തയ്യാറാകില്ല. നമ്മുടെ വിശപ്പു മാത്രമാകും നമുക്ക് വലുത്. മഴയും വെയിലുമേറ്റ് നമ്മുക്ക് ഭക്ഷണവുമായെത്തുന്ന പലരുടെയും ജീവിതകഥ വേദന നിറഞ്ഞതാവും.അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരന്റെ കരച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ വിങ്ങലാകുന്നത്.
ഇന്തോനേഷ്യയിലാണ് സംഭവം. ഓജോള്‍ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനില്‍ ജോലി ചെയ്യുന്ന ദാര്‍ട്ടോ എന്നയാളാണ് വിഡിയോയില്‍ കാണുന്ന ഡെലിവറി ഏജന്റ്. ഓജോളില്‍ നിന്ന് ദിവസം ഒരു ഓര്‍ഡര്‍ പോലും ദാര്‍ട്ടോയ്ക്ക് ആ ദിവസം കിട്ടിയിരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഒരേ ഒരു ഓര്‍ഡര്‍ ഏറ്റെടുത്ത് സ്വന്തം കയ്യിലെ പണം മുടക്കി സാധനം വാങ്ങി. എത്തിക്കാനൊരുങ്ങിയപ്പോള്‍ ഉപഭോക്താവ് ഓര്‍ഡര്‍ റദ്ദാക്കി. ദു:ഖം താങ്ങാനാകാതെ ദാര്‍ട്ടോ റോഡിലിരുന്ന് പൊട്ടിക്കരഞ്ഞു.
രണ്ട് ലക്ഷം ഇന്തോനേഷ്യന്‍ റുപ്യയുടെ (ഏകദേശം 1010 ഇന്ത്യന്‍ രൂപ) ഓര്‍ഡറാണ് ദാര്‍ട്ടോക്ക് കിട്ടിയത്. അമ്മയും ഇളയ സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഒരേയൊരു ആശ്രയമാണ് ദാര്‍ട്ടോ. വേദന തോന്നുന്നുവെന്നും ഇത്തരം അവസ്ഥ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്നുമാണ് വിഡിയോ കണ്ട ഒട്ടുമിക്ക ആളുകളും പ്രതികരിക്കുന്നത്.