കോട്ടയം: നാവിൽ രുചിയൂറും തനിനാടൻ വിഭവങ്ങൾ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷണങ്ങൾ വരെ ഒരു കുടക്കീഴിൽ കോട്ടയത്ത് ഒരുങ്ങുന്നു. കോട്ടയം നാഗന്പടം മൈതാനിയിൽ 22 മുതൽ 26 വരെ കോട്ടയം റബർ ടൗണ്‍ റൗണ്ട് ടേബിൾ 121 ന്റെ ആഭിമുഖ്യത്തിലാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10.30 വരെ മേള നടക്കും.
48 സ്റ്റാളുകളിലായി 300 ഇനം വേറിട്ട ഭക്ഷണങ്ങളാണ് ഒരുക്കുന്നത്. വിവിധ കൗണ്ടറുകളിൽനിന്നും വാങ്ങുന്ന ഭക്ഷണം മേളയിൽ പങ്കെടുക്കുന്നവർക്കു ഒന്നിച്ചിരുന്നു കഴിക്കാനുള്ള പൊതുഇടം ഒരുക്കിയിട്ടുണ്ട്. കോട്ടയം കുഞ്ഞച്ചൻ ദോശ, ഉണ്ടക്കണ്ണൻ ദോശ, ലുട്ടാപ്പി ദോശ, ലജ്ജാവതി ദോശ, കുട്ടിച്ചാത്തൻ ദോശ തുടങ്ങി ദോശകളുടെ തന്നെ വിവിധ രുചികളാണ് ഒരുക്കുന്നത്. ചിക്കൻ പൊട്ടിത്തെറിച്ചത്, പാൽക്കാരൻ ചിക്കൻ, വീരപ്പൻ ചിക്കൻ, ബാഹുബലി ബർഗർ തുടങ്ങിയ വിഭവങ്ങൾ പേരുകൊണ്ടും രുചികൊണ്ടും കൗതുകം സൃഷ്ടിക്കും. ജാപ്പനീസ്, റഷ്യൻ, ഫ്രഞ്ച്, ചൈനീസ്, അഫ്ഗാൻ എന്നിവിടങ്ങളിലെ രാജ്യാന്തര ഭക്ഷണങ്ങളും മേളയിൽ ഒരുക്കുന്നുണ്ട്.
22ന് വൈകുന്നേരം 6.30ന് നരഗസഭാ അധ്യക്ഷ ഡോ. പി.ആർ. സോന ഉദ്ഘാടനം ചെയ്തു മേളയ്ക്കു തുടക്കം കുറിക്കും. 26ന് വൈകുന്നേരം 6.30നു സമാപന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രത്യേകം തയാറാക്കിയ പ്ലാറ്റ് ഫോമിലാണു മേള ഒരുക്കുന്നത്. പൊടിശല്യം ഒഴിവാക്കുന്നതിനാണ് പ്ലാറ്റ് ഫോം തയാറാക്കുന്നത്.
മേളയിൽ കുട്ടികൾക്കുള്ള കളിസ്ഥലവും വാഹനപ്രദർശനവും തയാറാക്കിയിട്ടുണ്ട്. ദിവസവും വിവിധ ബാൻഡുകളുടെ കലാപരിപാടികളുമുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.29-ാമത് എഡിഷനായി നടക്കുന്ന ഫുഡ് ഫെസ്റ്റിന്റെ വരുമാനം ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുകാരുണ്യപ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നതെന്ന് കോട്ടയം റബർ ടൗണ്‍ റൗണ്ട് ടേബിൾ 121ന്റെ ഭാരവാഹികൾ പറഞ്ഞു.