കോട്ടയം: കോട്ടയം റബർ ടൗണ്‍ റൗണ്ട് ടേബിൾ 121ന്റെ ആഭിമുഖ്യത്തിൽ നാഗന്പടം മുനിസിപ്പൽ മൈതാനിയിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റിൽ ആദ്യദിനം തന്നെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. നാവിൽ രൂചിയൂറുന്ന തനിനാടൻ വിഭവങ്ങൾ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ്.
വിവിധ കൗണ്ടറുകളിൽനിന്നും വാങ്ങുന്ന ഭക്ഷണം മേളയിൽ പങ്കെടുക്കുന്നവർക്ക് ഒന്നിച്ചിരുന്നു കഴിക്കാനുള്ള സൗകര്യവുമുണ്ട്. കുടുംബാംഗങ്ങൾക്ക് ഒരുമിച്ചെത്തി വിവിധ രുചികളിലുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
മേളയിൽ കുട്ടികൾക്കുള്ള കളിസ്ഥലവും വാഹനപ്രദർശനവും തയാറാക്കിയിട്ടുണ്ട്. ദിവസവും വിവിധ ബാൻഡുകളുടെ കലാപരിപാടികളുമുണ്ട്. രുചികരമായ ഭക്ഷണവും കഴിച്ച് ഷോപ്പിംഗും നടത്തി കലാപരിപാടികളും ആസ്വദിച്ച് മടങ്ങാം.
ഫെസ്റ്റിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഫുഡ് ഫെസ്റ്റിന്റെ വരുമാനം ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുകാരുണ്യപ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നതെന്ന് കോട്ടയം റബർ ടൗണ്‍ റൗണ്ട് ടേബിൾ 121ന്റെ ഭാരവാഹികൾ പറഞ്ഞു. ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10.30 വരെയാണ് മേള. 26വരെയാണ് ഫെസ്റ്റ്.
ചിക്കൻ പൊട്ടിത്തെറിച്ചത്, പാൽക്കാരൻ ചിക്കൻ, വീരപ്പൻ ചിക്കൻ, ബാഹുബലി ബർഗർ തുടങ്ങിയ വിഭവങ്ങൾ പേരുകൊണ്ടും രുചികൊണ്ടും കൗതുകം സൃഷ്ടിക്കുന്ന വിഭവങ്ങളാണ് ഫെസ്റ്റിലെ ഏറ്റവും പ്രധാന സ്റ്റാളായ കോഴിക്കോട്ടെ ആദാമിന്റെ ചായക്കടയിലുള്ളത്.
ജാപ്പനീസ്, റഷ്യൻ, ഫ്രഞ്ച്, ചൈനീസ്, അഫ്ഗാൻ എന്നിവിടങ്ങളിലെ രാജ്യാന്തര ഭക്ഷണങ്ങളും മേളയിൽ ഒരുക്കുന്നുണ്ട്. കോട്ടയത്തിന്റെ സ്വന്തം രുചിയിടമായ ഫുഡ്നോട്സിന്റെ സ്റ്റാളും വ്യത്യസ്തമാണ്. ചിക്കന്റെ വിവിധ വിഭവങ്ങളാണ് ഇവിടെയൊരുക്കിയിരിക്കുന്നത്്. ബാർബീ ക്യൂ, ആൽഫാം, അറബിക് ഗ്രിൽസ്, കുട്ടനാടൻ കറികൾ, ഷാപ്പു കറികൾ, നാടൻ തട്ടുകട തുടങ്ങിയവയുടെയും വിവിധ സ്റ്റാളുകളുണ്ട്.
ഷക്കീല ഇക്ബാലിന്റെ നേതൃത്വത്തിലുള്ള മലബാർ ഡിലീഷിൽ മലബാറിന്റെ തനതു വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുട്ടമാല, മുട്ടയപ്പം, ഇറാനി പോളി, കക്ക റൊട്ടി, ബീഫ് ഇടിച്ചത് തുടങ്ങിയവയാണ് മലബാർ ഡിലീഷിലെ വിഭവങ്ങൾ.
കാന്താരി ഫിഷിന്റെ സ്റ്റാളിൽ വിവിധ തരം സീ ഫുഡ്സാണുള്ളത്. ഷാപ്പു കറികൾ, കുടുംബശ്രീയുടെ സ്റ്റാളുകൾ, നാടൻ ഭക്ഷണങ്ങളുടെ വിവിധ സ്റ്റാളുകൾ, പായസമേള, തലശേരി ബിരിയാണി മേള, ഹലുവ മേള, ഹോംമെയ്ഡ് കേക്കുകൾ, പേസ്ട്രീ, ഐസ്ക്രീം, വിവിധ തരം ഫുഡിംഗുകൾ, വിവിധ തരം ജ്യൂസുകൾ തുടങ്ങിയവയും ഫുഡ്ഫെസ്റ്റിലുണ്ട്.
ശ്ശ്ശ്….. ദോശ പെരുന്നാൾ
കോട്ടയം കുഞ്ഞച്ചൻ ദോശ, ഉണ്ടക്കണ്ണൻ ദോശ, ലുട്ടാപ്പി ദോശ, ലജ്ജാവതി ദോശ, കുട്ടിച്ചാത്തൻ ദോശ തുടങ്ങി കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും രുചിച്ചിട്ടില്ലാത്തതുമായ നൂറുകണക്കിനു ദോശകളുടെ രുചികളാണ് കിംഗ്സ് പാർക്ക് ഒരുക്കിയിരിക്കുന്ന ദോശ പെരുന്നാൾ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്.
ദോശയോടൊപ്പം ബുൾസൈ കൂടി ഉള്ളതാണ് ഉണ്ടക്കണ്ണൻ ദേശ. കറുത്തമ്മ ദോശ എന്നു പേരിട്ടിരിക്കുന്നത് ദോശയിൽ ചെമ്മീനാണ് ചേർത്തിരിക്കുന്നത്. പുയ്യാപ്ല ദോശയിൽ ബീഫും അച്ചായത്തി ദോശയിൽ ബീഫ് വരട്ടി ഉലർത്തിയതും ചേർത്തിരിക്കുന്നു.
ബല്ലാത്ത ബലിയ ദോശ, മൊഞ്ചത്തി ദോശ, മീനൂട്ടി ദോശ, മറക്കാത്ത ദോശ, കാഞ്ചീപൂരം ദോശ തുടങ്ങിയവയും വിവിധ രുചികളിൽ ലഭിക്കും. ദോശയോടൊപ്പം വിവിധ രൂചികളിലുള്ള ചായയും ഇവിടെ ലഭിക്കും.