കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് എല്ലാ ദിവസവും ഭക്ഷണം എത്തിക്കാനായി ഡിവൈഎഫ്ഐ ഒരുങ്ങുന്നു. നിലവിൽ ആഴ്ചയിൽ ഒരു ദിവസമാണ് ഭക്ഷണപ്പൊതി രോഗികൾക്ക് നൽകുന്നത്. അത് എല്ലാ ദിവസമായി ഒക്ടോബർ ഒന്ന് മുതൽ ഉയർത്താനാണ് പ്രവർത്തകർ ഒരുങ്ങുന്നത്.
കഴിഞ്ഞ മാസാദ്യം പദ്ധതി സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്ത ശേഷം ആറാഴ്ചകളിലായി 10,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ.ഡി. സുജിൽ അറിയിച്ചു. കളമശേരി, ഏലൂർ മേഖലകളിലെ സമിതികളാണ് ഓരോ ആഴ്ചയും ഈ സേവനം ഏറ്റെടുത്തിരിക്കുന്നതെന്നും സുജിൽ പറഞ്ഞു.
നല്ല പ്രതികരണം ലഭിച്ചതോടെ എല്ലാ ദിവസവും സൗജന്യ സേവനം നൽകാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡിവൈഎഫ്ഐ. രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണം കിട്ടാതെ കൂടുതൽ വലയുന്ന അവധി ദിനങ്ങളിലാണ് സൗജന്യ വിതരണം നടക്കുന്നത്. കളമശേരി പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നതിനാൽ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾ പലപ്പോഴും ഊണ് ലഭിക്കാതെ പട്ടിണിയിലാകാറുണ്ട്.
ഇടയ്ക്ക് സൗജന്യ ഭക്ഷണ വിതരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ചെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് അത് നിർത്തലാക്കി.സമീപത്തെ താത്ക്കാലിക ഹോട്ടലുകൾ എല്ലാ ദിവസവും പ്രവർത്തിക്കാറുമില്ല. പൊതു അവധി ദിനങ്ങളിൽ വ്യാപാരശാലകൾ അടഞ്ഞുകിടക്കുകയും ചെയ്യും. ജീവനക്കാരും ഇതുമൂലം പലപ്പോഴും പട്ടിണിയിലാകാറുണ്ട്.
മെഡിക്കൽ കോളജിനകത്ത് കോഫീ ഷോപ്പ് ഉണ്ടായിരുന്നെങ്കിലും വാടക, വൈദ്യുതി ചാർജ്, വെള്ളക്കരം എന്നിവ നൽകാതെ ലക്ഷക്കണക്കിന് രൂപ വെട്ടിപ്പ് നടത്തിയതിനാൽ ജില്ലാ കളക്ടർ ഇടപ്പെട്ട് പൂട്ടിക്കുകയായിരുന്നു. പകരം സംവിധാനം നടപ്പാക്കാൻ ബിനാമി ഇടപാടുകാരായിരുന്ന ഉദ്യോഗസ്ഥർ തടസം നിൽക്കുകയുമാണ്. ഇന്ത്യൻ കോഫീ ഹൗസ് പോലെയുള്ള സ്ഥിരം സംവിധാനം വരുന്നത് വരെ ഭക്ഷണ പൊതി വിതരണം തുടരണമെന്നാണ് രോഗികളുടെ ആവശ്യം.