തൃശൂർ: പൂരത്തിന് മുന്നോടിയായി നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ഹെൽത്ത് വിഭാഗം നടത്തിയ റെയ്ഡിൽ 32 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. പല പ്രമുഖ ഹോട്ടലുകളിലും പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തി. ഇവ പിടിച്ചെടുത്ത് കോർപറേഷൻ ഓഫീസിനുമുന്പിൽ പ്രദർശിപ്പിച്ചു.
പഴകിയ കോഴി, ബീഫ്, ആട് തുടങ്ങിയ കറികളാണ് പ്രധാനമായും പിടിച്ചെടുത്തത്. ചിലവാകാത്ത കറികൾ ഫ്രീസറുകളിൽ വച്ച് വീണ്ടും വിളന്പുന്നതായി കണ്ടെത്തി. കോർപറേഷൻ ഹെൽത്ത് സൂപ്രണ്ട് മാധവന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് നഗരത്തിലെ ഹോട്ടലുകളിൽ റെയ്ഡ് നടത്തിയത്.
ഒട്ടുമിക്ക ഹോട്ടലുകളിലെ ഫ്രിഡ്ജുകളിലും ഫ്രീസറുകളിലും പഴക്കം ചെന്ന കറികളും മറ്റു ഭക്ഷ്യവസ്തുക്കളുമാണ് കണ്ടെത്തിയതെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ പറഞ്ഞു. ഇവ രാവിലെ വീണ്ടും ചൂടാക്കി കസ്റ്റമേഴ്സിന് നൽകി വരികയാണ് ചെയ്യുന്നത്. പൂരത്തിന് ഹോട്ടലുകളിൽ ഇത്തരത്തിലുള്ള ഭക്ഷണം വിതരണം ചെയ്യുന്നത് ഒഴിവാക്കാനാണ് കർശന നടപടിയെടുക്കുന്നത്.